പാരിസ്:സൂപ്പർ താരം ലയണൽ മെസി പിഎസ്‌ജിക്കൊപ്പം തുടരില്ലെന്ന് ഉറപ്പായി. ഈ ജൂൺ വരെയാണ് പിഎസ്‌ജിയുമായി കരാറുള്ളത്. ഇത് പൂർത്തിയായാൽ താരം ഫ്രീ ഏജന്‍റായി പാരിസ് വിടുമെന്നാണ് പ്രമുഖ സ്‌പോർട്‌സ് ജേർണലിസ്റ്റായ ഫാബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. പിഎസ്‌ജിയുടെ ഭാവി പ്രൊജക്‌ടിൽ അസംതൃപ്‌തി അറിയിച്ച മെസിയുടെ പിതാവ് ഇക്കാര്യം ക്ലബ് അധികൃതരുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.
അടുത്തതായി മെസിയുടെ നീക്കം എന്തായിരുക്കുമെന്നാണ് ലോക ഫുട്ബോൾ ഉറ്റുനോക്കുന്നത്. അനുമതിയില്ലാതെ സൗദി സന്ദർശനം നടത്തിയ മെസിയെ കഴിഞ്ഞ ദിവസം പിഎസ്‌ജി രണ്ടാഴ്‌ചത്തേക്ക് വിലക്കിയിരുന്നു. ഇതിന് പിന്നാലെ മെസിയും ഫ്രഞ്ച് ക്ലബുമായുള്ള ബന്ധം പൂർണമായും വഷളായിരിക്കുകയാണ്.
സീസൺ അവസാനത്തോട് അടുത്ത സാഹചര്യത്തിലാണ് ക്ലബിന്‍റെ നടപടി. സസ്‌പെൻഷൻ കാലയളവിൽ മെസിക്ക് പിഎസ്‌ജിക്കൊപ്പം കളത്തിലിറങ്ങാനോ പരിശീലനം നടത്താനോ അനുമതി ഉണ്ടായിരിക്കില്ലെന്ന് മാത്രമല്ല പ്രതിഫലവും ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
2021 ൽ ടീം വിട്ട മെസിയെ തിരികെയെത്തിക്കാൻ ബാഴ്‌സലോണ ശ്രമിക്കുന്നുണ്ടെങ്കിലും ലാ ലിഗയിലെ സാമ്പത്തിക നയങ്ങൾ ബാഴ്‌സലോണയുടെ നീക്കത്തിന് വിലങ്ങുതടിയായിരിക്കുകയാണ്. അർജന്‍റൈൻ താരത്തെ ടീമിലെത്തിക്കുന്നതിന് മുന്നോടിയായി ബാഴ്‌സലോണ സമർപ്പിച്ച സാമ്പത്തിക സാധ്യത റിപ്പോർട്ട് ലാ ലിഗ തള്ളിയതായാണ് വാർത്തകൾ വന്നിരുന്നത്.
2021 ൽ ബാഴ്‌സലോണ വിടാൻ നിർബന്ധിതനായ സമയത്ത് മെസിയെ സ്വന്തമാക്കാൻ ശ്രമിച്ചിട്ടുള്ള മാഞ്ചസ്റ്റർ സിറ്റി താരത്തിനായി രംഗത്തെത്തിയേക്കും. മുൻ ബാഴ്‌സ പരിശീലകൻ പെപ് ഗ്വാർഡിയോളയുമായുള്ള മെസിയുടെ ഊഷ്‌മളമായ ബന്ധമാണ് ഇതിനുള്ള സാധ്യത കൂട്ടുന്നത്. മോഹന വാഗ്‌ദാനം നൽകി മെസിയുടെ വരവിനായി കാത്തിരിക്കുന്ന സൗദി ക്ലബ് അൽ ഹിലാലിനൊപ്പം ചേരുമോയെന്നും കാത്തിരുന്ന് കാണാം.
രണ്ട് സീസൺ മുമ്പ് ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ടാണ് പിഎസ്‌ജി മെസിയെ ടീമിലെത്തിക്കുന്നത്. നെയ്‌മർ, എംബാപ്പെ എന്നിവർക്കൊപ്പം മെസി കൂടെ മുന്നേറ്റത്തിൽ ചേർന്നത് പിഎസ്‌ജിയെ യൂറോപ്യൻ കിരീടത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ പതിവുപോലെ ലീഗ് കിരീടത്തിനപ്പുറമുള്ള നേട്ടങ്ങളൊന്നും പിഎസ്‌ജിയെ തേടിയെത്തിയില്ല. ഇതോടെ മെസിയുടെ ഫ്രാൻസിലേക്കുള്ള നീക്കം കരിയിറിലെ ഏറ്റവും മോശമായ തീരുമാനങ്ങളിലൊന്നായി വിലയിരുത്തി.
താരത്തിനെ കൂകിവിളിച്ചും പരിഹസിച്ചും പിഎസ്‌ജി ആരാധകർ രംഗത്തെത്തിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരായ തോൽവിയോടെയാണ് മെസിക്കെതിരെ ആരാധകർ പരസ്യമായി രംഗത്തെത്തിയത്. വലിയ തുക ശമ്പളമായി വാങ്ങുന്ന മെസിയാണ് ക്ലബിന്‍റെ മോശം പ്രകടനത്തിന്‍റെ പ്രധാന ഉത്തരവാദിയെന്നായിരുന്ന പിഎസ്‌ജി ആരാധകരുടെ ആക്ഷേപം.
ALSO READ:പിഎസ്‌ജിയുടെ അനുമതിയില്ലാതെ സൗദി സന്ദർശനം; മെസിക്കെതിരെ അച്ചടക്ക നടപടിയുമായി ഫ്രഞ്ച് ക്ലബ്
രണ്ട് സീസണുകളിലായി പിഎസ്‌ജിക്കായി കളിച്ചത് 71 മത്സരങ്ങളാണ്. ഇതിൽ 31 ഗോളുകളും 33 അസിസ്‌റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ സീസണിൽ 37 മത്സരങ്ങളിൽ നിന്നായി 20 ഗോളുകളും രണ്ടാം സീസണിലെ 34 മത്സരങ്ങളിൽ നിന്നും വെറും 11 ഗോളുകളുമാണ് നേടിയിട്ടുള്ളത്. ഇക്കാലയളവിൽ പിഎസ്‌ജിക്കൊപ്പം ലീഗ് വൺ കിരീടവും ഫ്രഞ്ച് കപ്പും നേടി. ഈ സീസണിൽ ലീഗിൽ മുന്നിലാണ് പിഎസ്‌ജി.