പാരിസ്: തന്‍റെ ഇഷ്‌ട ടീമായ ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ സൂപ്പർതാരം ലയണൽ മെസിക്ക് ആദ്യ സീസൺ നൽകിയത് നിരാശയായിരുന്നു. പരിക്കും കൊവിഡും ടീമുമായി ഒത്തിണങ്ങാനുള്ള പ്രയാസങ്ങളും കൊണ്ടല്ലാം മെസി നിറംമങ്ങുകയായിരിന്നു. കരിയറിലാദ്യമായി താരം ആരാധകരുടെ കൂവൽ ഏറ്റുവാങ്ങി. എന്നാൽ കഴിഞ്ഞ സീസൺ അവസാനത്തോടെ മെസി ആരാധകരോട് ഇങ്ങനെ പറഞ്ഞിരുന്നു 'ഇത് അവസാനമല്ല, പുതിയൊരു തുടക്കത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന്'.
ലീഗ് വണ്ണിന്‍റെ ഈ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ മെസിയത് തെളിയിച്ച് കഴിഞ്ഞു. ക്ലെർമൗണ്ടിനെതിരായ മത്സരത്തിൽ പിഎസ്‌ജി ഗംഭീര വിജയം സ്വന്തമാക്കിയപ്പോൾ ലിയോയുടെ ബൂട്ടിൽ നിന്നും പിറന്നത് എണ്ണം പറഞ്ഞ രണ്ട് ഗോളുകൾ.
ഇതിൽ തന്നെ മെസിയുടെ രണ്ടാം ഗോൾ കളിയാരാധകർക്കിടയിലെ ചർച്ചാവിഷയവും സമൂഹ മാധ്യമങ്ങളിൽ വൈറലുമാണ്. മൈതാനത്തിന്‍റെ മധ്യഭാഗത്തിനരികിൽ നിന്നും ക്ലെർമൗണ്ട് പ്രതിരോധത്തിന് മുകളിലൂടെ ലിയനാഡ്രോ പെരഡസ് നീട്ടി നൽകിയ പാസിൽ നിന്നായിരുന്നു മനോഹരമായ ഗോൾ പിറന്നത്.