ദോഹ : ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിലെ ജനസാഗരത്തെ സാക്ഷിയാക്കി ഫുട്‌ബോളിന്‍റെ വിശ്വ കിരീടത്തില്‍ മുത്തം വയ്‌ക്കുമ്പോള്‍ ലയണല്‍ മെസിയെന്ന അര്‍ജന്‍റൈന്‍ നായകന് യുദ്ധം ജയിച്ച യോദ്ധാവിന്‍റെ മുഖമായിരുന്നു. പലവട്ടം പൊരുതി വീണ പോര്‍ക്കളത്തിലെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ പുഞ്ചിരി അയാളില്‍ കാണാമായിരുന്നു.
ഏതുഘട്ടത്തിലും പരാജയം കാത്തിരിപ്പുണ്ടെന്ന പൂര്‍ണ ബോധ്യത്തോടെയാണ് അയാളും സംഘവും അറേബ്യൻ മണ്ണിലെ പോര്‍ക്കളങ്ങളില്‍ പൊരുതാനെത്തിയത്. അടി തെറ്റിവീണായിരുന്നു തുടക്കം. പിന്നെ പിറന്നത് അറബിക്കഥകളെപ്പോലും വെല്ലുന്ന അത്ഭുതങ്ങൾ.
ശരാശരിക്കാരായ നീലക്കുപ്പായക്കാരുടെ നെഞ്ചില്‍ മെസിയെന്ന മാന്ത്രികന്‍ നിറച്ച തീയാണ് കാത്തിരുന്ന ഓരോ മരണക്കെണികളേയും അതിജീവിക്കാന്‍ അവര്‍ക്ക് കൂട്ടായത്. യൂറോപ്യന്‍ വെടിക്കോപ്പുകൾ നിറച്ച ഫ്രഞ്ച് പടക്കപ്പലിന്‍റെ വാരിയെല്ലൊടിച്ച് മെസിപ്പട നേടിയ ഈ വിജയം അവരെ നെഞ്ചിലേറ്റിയവരുടേതുകൂടിയാണ്. ഫുട്‌ബോള്‍ ലോകത്തിന്‍റേതാണ്.
Also read: 'വിശ്വജേതാക്കളുടെ ജഴ്‌സിയില്‍ തുടരണം' ; അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് മെസി
കളിച്ചും കളിപ്പിച്ചുമാണ് മെസി ലോക ജേതാവായത്. വിമര്‍ശനങ്ങളുടെ മുനയൊടിച്ചത്. ഒടുവില്‍ ആ മോഹക്കപ്പ് അയാളുടെ കയ്യിലമരുമ്പോള്‍ മെസിയെന്ന ഇതിഹാസത്തിന്‍റെ പൂർണതകൂടിയായിരുന്നു. വിശ്വ വിജയിയായ മിശിഹായുടെ ചുംബനമേറ്റ ആ കപ്പിന് ഇനി മാറ്റ് കൂടുകയേ ഉള്ളൂ.