ദോഹ : കാല്‍പന്തുകളിയുടെ ലോകത്ത് ലയണല്‍ മെസി വീണ്ടും റെക്കോര്‍ഡുകളുടെ തലപ്പത്ത്. കരിയറിലെ അവസാന ഫുട്‌ബോള്‍ ലോകകപ്പ് കളിക്കാന്‍ ഖത്തറിലെത്തിയ മെസി ചരിത്രം കുറിക്കുകയാണ്. ക്രൊയേഷ്യയെ 3-0 ന് പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലിലേക്ക് എന്‍ട്രി നേടിയപ്പോള്‍ ഒരുപിടി നേട്ടങ്ങളാണ് മെസി തന്‍റെ പേരില്‍ എഴുതിച്ചേര്‍ത്തത്.
ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ കളിച്ച താരം എന്ന ജര്‍മനിയുടെ ലോതര്‍ മത്തേയൂസിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡിനൊപ്പമാണ് മെസി ഇപ്പോള്‍. മെസിക്ക് ഇത് 5-ാം ലോകകപ്പാണ്. 25 മത്സരങ്ങള്‍ മെസി പൂര്‍ത്തിയാക്കി.
ലോകകപ്പില്‍ അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനെന്ന ഖ്യാതിയും ഇനി മെസിക്ക് സ്വന്തം. അര്‍ജന്‍റീനയുടെ ഇതിഹാസ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡ് മറികടന്ന് ലോകകപ്പില്‍ തന്‍റെ 11-ാം ഗോള്‍ ആണ് മെസി ക്രൊയേഷ്യക്കെതിരെ നേടിയത്. 10 ആയിരുന്നു ബാറ്റിസ്റ്റ്യൂട്ടയുടെ നേട്ടം.
ഒരു ലോകകപ്പില്‍ അഞ്ച് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയാണ് മുപ്പത്തിയഞ്ചുകാരനായ ലയണല്‍ മെസി.1996ന് ശേഷം വ്യത്യസ്‌ത മത്സരങ്ങളില്‍ ഗോളും അസിസ്റ്റും നേടുന്ന ആദ്യ താരമെന്ന നേട്ടം കരസ്ഥമാക്കി ഏറെ പഴക്കം ചെന്നൊരു റെക്കോര്‍ഡുകൂടി തിരുത്തിയിരിക്കുകയാണ് മെസി.
ഖത്തര്‍ ലോകകപ്പില്‍ മെസി ഇതുവരെ മൂന്ന് ഗോള്‍ പെനാല്‍റ്റിയിലൂടെ നേടിയിട്ടുണ്ട്. ഫൈനലിലും ഇത്തരത്തില്‍ ഗോള്‍ നേടിയാല്‍ ഒരു ലോകകപ്പില്‍ പെനാല്‍റ്റിയിലൂടെ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന താരം എന്ന റെക്കോര്‍ഡും മെസിക്ക് സ്വന്തമാക്കാം.