ന്യൂയോര്‍ക്ക് : അര്‍ജന്‍റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി ഖത്തര്‍ ലോകകപ്പില്‍ ധരിച്ച ആറ് ജഴ്‌സികള്‍ ലേലത്തില്‍ വിറ്റു. 7.8 മില്യണ്‍ ഡോളറിനാണ് (65 കോടി രൂപ ) വില്‍പ്പന. (Lionel Messi Qatar World Cup shirts auction price) ലേലക്കമ്പനിയായ സോത്‌ബെയ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പില്‍ ഫ്രാന്‍സിനെതിരായ ഫൈനലിന്‍റെ ആദ്യ പകുതിയില്‍ അര്‍ജന്‍റൈന്‍ ക്യാപ്റ്റന്‍ ധരിച്ച ജഴ്‌സിയും ഇക്കൂട്ടത്തിലുണ്ട് (Messi Qatar World Cup shirts sells at auction).
രണ്ടാഴ്ചയായി നടക്കുന്ന ഓൺലൈൻ ലേലത്തിന്‍റെ ഭാഗമായി സോത്‌ബെയ് ഹൗസിന്‍റെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് ജഴ്‌സികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആരാണ് ജഴ്‌സികള്‍ വാങ്ങിയത് എന്നത് സംബന്ധിച്ച വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.
'ജഴ്‌സികള്‍ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നിന്‍റെ ഓർമ്മപ്പെടുത്തൽ മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിന്‍റെ കരിയറിലെ പരമോന്നത നിമിഷവുമായും ഇതിന് ബന്ധമുണ്ട്' - ജഴ്‌സികള്‍ ലേലത്തില്‍വച്ച സോത്‌ബെയ് ഹൗസിന്‍റെ തലവന്‍ ബ്രാം വാച്ചര്‍ പ്രതികരിച്ചു.
കായിക രംഗത്ത് നിന്നുള്ള വിശേഷപ്പെട്ട ഒരു വസ്‌തുവിന് ഈ വര്‍ഷം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് മെസിയുടെ ജഴ്‌സികള്‍ക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ഏറ്റവും ഉയര്‍ന്ന തുകയ്‌ക്ക് വിറ്റ ജഴ്‌സി എന്ന നിലവിലെ റെക്കോഡ് എന്‍ബിഎ താരം മൈക്കൽ ജോർദാന്‍റെ പേരിലാണ്. 1998-ല്‍ എന്‍ബിഎ ഫൈനലില്‍ താരം ധരിച്ച ജഴ്‌സി 10.1 മില്യണ്‍ ഡോളറിനാണ് കഴിഞ്ഞ വര്‍ഷം വിറ്റുപോയത്.
അതേസമയം ഖത്തര്‍ ലോകകപ്പില്‍ ഗോളടിച്ചും അടിപ്പിച്ചുമായിരുന്നു ലയണല്‍ മെസി അര്‍ജന്‍റീനയെ കിരീടത്തിലേക്ക് നയിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഫൈനലില്‍ ഫ്രാന്‍സിനെ അര്‍ജന്‍റീന കീഴടക്കിയത്. ഇരു ടീമുകളും നിശ്ചിത സമയത്ത് രണ്ട് ഗോളുകളും, എക്‌സ്‌ട്രാ ടൈമില്‍ ഓരോന്നുവീതവും അടിച്ച് മൂന്ന് ഗോള്‍ സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് എത്തിയത്.
അര്‍ജന്‍റീനയ്‌ക്കായി മെസി രണ്ടും എയ്‌ഞ്ചല്‍ ഡി മരിയ ഒരു ഗോളും നേടിയപ്പോള്‍ കിലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിന്‍റെ മൂന്നുഗോളുകളും അടിച്ചത്. ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്‍റീന കിരീടം ഉറപ്പിച്ചത്. നായകന്‍ ലയണല്‍ മെസി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവര്‍ നീലപ്പടയ്‌ക്കായി ലക്ഷ്യം കണ്ടു.
ഫ്രാന്‍സിനായി കിക്കെടുത്ത എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ ഗോളടിച്ചപ്പോള്‍ കിങ്‌സ്‌ലി കോമനും ഔറേലിയന്‍ ചൗമേനിയ്‌ക്കും പിഴയ്‌ക്കുകയായിരുന്നു. തന്‍റെ മിന്നും പ്രകടനത്തോടെ ലയണല്‍ മെസി ടൂര്‍ണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകകപ്പിന് ശേഷം ഫ്രഞ്ച് ക്ലബ് പിഎസ്‌ജി വിട്ട മെസി നിലവില്‍ അമേരിക്കയിലെ ഇന്‍റര്‍ മയാമിയുടെ താരമാണ്.
ALSO READ:ഡിസംബർ 18-ന് അറിയാം, ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ നേർക്കുനേർ ആരൊക്കെയെന്ന്
പിഎസ്‌ജിയുമായുള്ള കരാര്‍ പുതുക്കാതെ തന്‍റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് പോകാന്‍ മെസി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് നടക്കാതെ വന്നതോടെയാണ് മേജര്‍ ലീഗ് സോക്കറിലേക്ക് ചേക്കേറാന്‍ 36-കാരന്‍ തീരുമാനം എടുത്തത്. നിലവില്‍ പുരോഗമിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ അര്‍ജന്‍റൈന്‍ ടീമിനായി മിന്നും പ്രകടനമാണ് താരം നടത്തുന്നത്.