ബ്യൂണസ് ഐറിസ്: ലോകകപ്പില്‍ മറ്റൊരു കിരീടത്തിനായുള്ള അര്‍ജന്‍റീനയുടെ 36 വര്‍ഷത്തെ കാത്തിരിപ്പാണ് ലയണല്‍ മെസിയും സംഘവും ഖത്തറില്‍ അവസാനിപ്പിച്ചത്. ലുസൈല്‍ സ്റ്റേഡിയത്തിലെ കടുത്ത പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചുള്ള കിരീട നേട്ടം ലയണല്‍ മെസിയെന്ന ഫുട്‌ബോള്‍ മാന്ത്രികന്‍റെ പൂര്‍ണത കൂടിയായിരുന്നു.
ശരാശരിക്കാരായ ടീമിനൊപ്പം ഗോളടിച്ചും അടിപ്പിച്ചുമാണ് 35കാരന്‍ യഥാര്‍ഥ നായകനായത്. കിരീട നേട്ടത്തിന് പിന്നാലെ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലെഴുതിയ വൈകാരികമായ കുറിപ്പിലാണ് മെസിയുടെ നന്ദി പ്രകടനം.
സഹതാരങ്ങള്‍ക്കും വീഴ്‌ചകളില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് നന്ദി പറയുന്ന കുറിപ്പില്‍ ഇതിഹാസ താരം ഡീഗോ മറഡോണയേയും മെസി അനുസ്‌മരിക്കുന്നുണ്ട്. കുറിപ്പിനൊപ്പം താരം പങ്കുവച്ച ഹൃസ്വ വീഡിയോയും ശ്രദ്ധേയമാണ്. 1993ല്‍ തന്‍റെ ആദ്യ ക്ലബ്ബായ ഗ്രാൻഡോളി എഫ്.സി ജൂനിയറില്‍ പന്തു തട്ടുന്നതും 2014 ലോകകപ്പിന്‍റെ ഫൈനലിലെ തോല്‍വിയും ഒടുവില്‍ ഖത്തറിലെ കിരീട നേട്ടത്തിലെ സുപ്രധാന നിമിഷങ്ങളുമാണ് വീഡിയോയിലുള്ളത്.
മെസിയുടെ കുറിപ്പിന്‍റെ പൂര്‍ണ രൂപം
"ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷമെടുത്തു. ഈ തുകല്‍ പന്ത് ഒരുപാട് സന്തോഷങ്ങളും ഒപ്പം കുറച്ച് സങ്കടങ്ങളും എനിക്ക് നല്‍കാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു. ലോക ചാമ്പ്യനാകുക എന്ന സ്വപ്നം എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു.
അതിനായുള്ള ശ്രമങ്ങള്‍ ഒരിക്കലും അവസാനിപ്പിക്കാൻ ഞാന്‍ തയ്യാറായിരുന്നില്ല. ഞങ്ങൾക്ക് ലഭിച്ച ഈ കപ്പ്, മുന്‍ വര്‍ഷങ്ങളില്‍ ഇതിനായി പോരാടി പരാജയപ്പെട്ടവര്‍ക്ക് കൂടിയുള്ളതാണ്. അവരുടെ പ്രചോദനവു പ്രോത്സാഹനവും കൊണ്ടുകൂടിയാണ് ഇന്ന് ഈ കപ്പുയര്‍ത്തി ഞാനടക്കമുള്ള താരങ്ങള്‍ നില്‍ക്കുന്നത്.
2014 ബ്രസീല്‍ ലോകകപ്പില്‍ ഫൈനൽ വരെ അവർ കിരീടത്തിനായി പോരാടി, കഠിനാധ്വാനം ചെയ്തു, എന്നെപ്പോലെ അവരും അത് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു, അതിനാൽ അവർക്കെല്ലാം തന്നെ ഈ കിരീടനേട്ടത്തിന് അർഹതയുണ്ട്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ ദുരന്തനിമിഷങ്ങളിലും ഞങ്ങൾ അതിന് അർഹരായിരുന്നു. ഈ നേട്ടത്തിനായി സ്വർഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.
ജയത്തിലും തോല്‍വിയിലും മുഴുവന്‍ സമയവും ടീമിന്‍റെ ബെഞ്ചിലിരുന്ന് സമയം ചെലവഴിച്ചവരും ഈ വിജയം അര്‍ഹിക്കുന്നവരാണ്. എല്ലാവരും ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടക്കാതിരിക്കുമ്പോഴും, അതിനായി ഞങ്ങൾ ഒരുപാട് ശ്രമിച്ചു. തീർച്ചയായും, ഈ മനോഹരമായ സംഘത്തെക്കൊണ്ടാണ് ഞങ്ങള്‍ അത് നേടിയെടുത്തത്.
ടെക്നിക്കല്‍ ടീമും ടീമിലെ എല്ലാ അംഗങ്ങളും ഞങ്ങളുടെ യാത്ര എളുപ്പമാക്കാൻ രാപ്പകലില്ലാതെ അധ്വാനിച്ചു. പലപ്പോഴും തോല്‍വിയെന്നത് ജീവിത യാത്രയുടെ ഭാഗമാണ്, തിരിച്ചടികളില്ലാതെ വിജയം നേടുക എന്നത് അസാധ്യമാണ്. എല്ലാവരോടുമായി എന്‍റെ ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു". മെസി കുറിച്ചു.
ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മെസിയുടെ അര്‍ജന്‍റീന ഫ്രാന്‍സിനെ മറികടന്നത്. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം സമനിലയിലായതോടെയാണ് മത്സരം പെനാല്‍റ്റിയിലെത്തിയത്. ഷൂട്ടൗട്ടില്‍ 4-2നാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരുടെ വിജയം.
അര്‍ജന്‍റീനയ്‌ക്കായി ലയണല്‍ മെസി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവരാണ് വലകുലുക്കിയത്. ഫ്രാന്‍സിനായി കിക്കെടുത്ത എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിങ്‌സ്‌ലി കോമനും ഔറേലിയന്‍ ചൗമേനിയ്‌ക്കും പിഴച്ചിരുന്നു. മെസിയെയാണ് ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുത്തത്.
Also read:'ചീത്ത വിളിച്ച ഫ്രഞ്ച് കളിക്കാര്‍ക്കുള്ള മറുപടി; വിവാദ ആഘോഷത്തില്‍ വിശദീകരണവുമായി എമിലിയാനോ മാർട്ടിനെസ്