കരിയറില്‍ അടുത്ത ഘട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അര്‍ജന്‍റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി. തന്‍റെ പഴയ ക്ലബായ ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുപോക്ക് യാഥാർഥ്യമാകാത്തതിനെ തുടര്‍ന്ന് അമേരിക്കയിലെ മേജർ ലീഗ് സോക്കറിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുകയാണ് 35-കാരനായ താരം.
ജൂണ്‍ അവസാനത്തോടെ ഫ്രഞ്ച് ക്ലബ് പാരീസ് സെന്‍റ് ജെർമെയ്‌നുമായുള്ള (പിഎസ്‌ജി) കരാർ അവസാനിക്കുന്നതോടെ മേജർ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റർ മിയാമിയ്‌ക്കായാണ് ലയണല്‍ മെസി പന്തു തട്ടുക. ഇംഗ്ലണ്ടിന്‍റെ മുന്‍ താരം ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള ക്ലബാണ് ഇന്‍റര്‍ മിയാമി.
ഇപ്പോഴിതാ ഇന്‍റര്‍ മിയാമി ടീമിനൊപ്പം വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് പ്രതികരിച്ചിരിക്കുകയാണ് ലോകകപ്പ് ജേതാവായ ലയണല്‍ മെസി. ബാഴ്‌സലോണയിലേക്ക് മടങ്ങാന്‍ ആദ്യ പദ്ധതികള്‍ ഉണ്ടായിരുന്നുവെങ്കിലും നിലവിലെ തീരുമാനത്തില്‍ സന്തുഷ്‌ടനാണെന്നും മെസി പ്രതികരിച്ചു.
"തുടക്കത്തിൽ, ഞങ്ങൾക്ക് വ്യത്യസ്‌തമായ ഒരു ആശയം ഉണ്ടായിരുന്നു (ബാഴ്‌സലോണയിലേക്ക് മടങ്ങുക). പക്ഷെ അതിന് കഴിഞ്ഞില്ല. ഇപ്പോഴത്തെ ഈ തീരുമാനത്തില്‍ ഞങ്ങള്‍ തീര്‍ത്തും സന്തുഷ്‌ടരാണ്. ഈ പുതിയ വെല്ലുവിളി നേരിടാൻ ഞാൻ തയ്യാറാണ്, ഈ മാറ്റത്തെ നേരിടാനും ഞാൻ തയ്യാറാണ്", മെസി ഒരു അര്‍ജന്‍റൈന്‍ മാധ്യമത്തോട് പറഞ്ഞു. പുതിയ തീരുമാനത്തില്‍ തന്‍റെ കുടുംബവും തൃപ്തരാണെന്നും മെസി കൂട്ടിച്ചേര്‍ത്തു.
2026 ലോകകപ്പിൽ കളിക്കാൻ തനിക്ക് പദ്ധതിയില്ലെന്ന് അടുത്തിടെ താരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫുട്‌ബോളിന്‍റെ ഏറ്റവും ഉയര്‍ന്ന തലത്തിലെ മികച്ച പ്രകടനം താരം തുടരുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ, അന്താരാഷ്‌ട്ര തലത്തിലെ തന്‍റെ ഏറ്റവും വേഗതയേറിയ ഗോൾ മെസി നേടിയിരുന്നു. വെറും 79 സെക്കൻഡിലായിരുന്നു താരം ഓസ്‌ട്രേലിയന്‍ വലയില്‍ പന്ത് എത്തിച്ചത്.