ബെന്‍റൺ അവന്യൂ: മിശിഹ അവതരിച്ചതോടെ ഇന്‍റര്‍ മയാമിയില്‍ അത്ഭുതം പ്രവര്‍ത്തിച്ചു. ലീഗ്‌സ് കപ്പ് (Leagues Cup) ഫുട്‌ബോളിന്‍റെ ഫൈനലില്‍ നാഷ്‌വില്ലയെ (Nashville) തോല്‍പ്പിച്ച് ഇന്‍റര്‍ മയാമി കിരീടം ചൂടി (Inter Miami vs Nashville). അമേരിക്കയിലേയും മെക്‌സിക്കോയിലേയും ക്ലബുകള്‍ പോരടിക്കുന്ന ലീഗ്‌സ് കപ്പിന് ഇറങ്ങും മുമ്പ് മേജര്‍ ലീഗ് സോക്കറില്‍ തുടര്‍ച്ചയായ 11 മത്സരങ്ങളില്‍ ഇന്‍റര്‍ മയാമിക്ക് വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ സാക്ഷാല്‍ ലയണല്‍ മെസി (Lionel Messi ) എത്തിയതോടെയാണ് ക്ലബിന്‍റെ ഭാവം മാറി. ലീഗ്‌സ് കപ്പില്‍ മെസിയുടെ മിന്നും ഗോളുകളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്‍റര്‍ മായാമിക്കായി ഇതേവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നും 10 ഗോളുകളാണ് മെസി അടിച്ച് കൂട്ടിയത്. ഇതോടെ ലീഗ്‌സ് കപ്പിലെ ടോപ് സ്കോററായി മാറിയ 36-കാരന്‍ ടൂര്‍ണമെന്‍റിലെ താരത്തിനുള്ള പുരസ്‌ക്കാരവും പോക്കറ്റിലാക്കി.
ഇന്‍റര്‍ മയാമിയുടെ ആദ്യ ലീഗ്‌സ് കപ്പ് കിരീടമാണിത് (Inter Miami Wins Leagues Cup). മയാമിയെ കിരീടത്തിലേക്ക് നയിച്ചതോടെ ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് മെസി (Lionel Messi records) താരത്തിന്‍റെ കരിയറിലെ 44-ാം കിരീടമാണിത് (Lionel Messi most decorated player in football history).
ഇതോടെ കരിയറിൽ 43 കിരീടങ്ങൾ നേടിയ ബാഴ്‌സലോണയില്‍ സഹതാരമായിരുന്ന ഡാനി ആൽവസിനെയാണ് (Dani Alves) മെസി മറികടന്നത് (Lionel Messi surpasses Dani Alves record). 2004-05 സീസണില്‍ 17-ാം വയസില്‍ ബാഴ്‌സലോണയ്‌ക്കൊപ്പം ഉയര്‍ത്തിയ ലാ ലിഗയാണ് മെസിയുടെ കരിയറിലെ ആദ്യ ട്രോഫി. പിന്നീട് തന്‍റെ ഇടങ്കാല്‍ മാന്ത്രികത കൊണ്ട് ഫിഫ ലോകകപ്പ് വരെ നേടിയെടുത്ത താരം ലോക ഫുട്‌ബോളില്‍ തന്‍റെ സിംഹാസനം ഉറപ്പിക്കുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത് (Lionel Messi most trophies in football) .
10 ലാ ലിഗ കിരീടങ്ങൾ, നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങള്‍, ഏഴ് കോപ്പ ഡെൽ റെ കിരീടങ്ങള്‍, എട്ട് സ്പാനിഷ് സൂപ്പർ കപ്പ് വിജയങ്ങള്‍, മൂന്ന് ഫിഫ ക്ലബ് ലോകകപ്പ് വിജയങ്ങള്‍, മൂന്ന് യുവേഫ സൂപ്പർ കപ്പ്, രണ്ട് ലീഗ് വണ്‍ കിരീടങ്ങൾ, കോപ്പ അമേരിക്ക, ഫൈനൽസിമ, ഒളിമ്പിക്‌സ് ഗോള്‍ഡ്, അണ്ടര്‍-20 ലോകകപ്പ്, കോപ്പ അമേരിക്ക കിരീടം, ഫിഫ ലോകകപ്പ്, ട്രോഫി ഡി ചാമ്പ്യൻസ് എന്നിവയാണ് മെസിയുടെ വിജയങ്ങളുടെ പട്ടികയിലുള്ളത്. ഈ കിരീടങ്ങള്‍ തന്നെയാണ് ഗോട്ട് എന്ന വിളിപ്പേരിന് മെസി അര്‍ഹനാണെന്ന് വീണ്ടും വീണ്ടും അടിവരയിയിടുന്നത്.
ALSO READ: Leagues cup inter miami മെസി വന്നു, കപ്പും വന്നു: ലീഗ്‌സ് കപ്പ് ഇന്‍റര്‍ മയാമിക്ക്, കിരീട നേട്ടം ഷൂട്ടൗട്ടില്‍
അതേസമയം ലീഗ്‌സ് കപ്പിന്‍റെ ഫൈനലില്‍ സഡന്‍ ഡത്തില്‍ 10-9 എന്ന സ്‌കോറിനാണ് ഇന്‍റര്‍ മായാമി നാഷ്‌വില്ലയെ തോല്‍പ്പിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് കളി പെനാല്‍റ്റിയിലേക്ക് എത്തിയത്. മെസിയുടെ ഒരു തകര്‍പ്പന്‍ ഗോളിലൂടെ മയാമിയാണ് ആദ്യം ഗോളടിച്ചത്. എന്നാല്‍ ഫാഫ പിക്കോൾട്ടിലൂടെ നാഷ്‌വില്ല സമനില പിടിച്ചു.