പാരിസ് : ബാഴ്‌സയില്‍ നിന്നും പിഎസ്‌ജിയിലെത്തിയതിന് പിന്നാലെ കളിക്കളത്തില്‍ സ്ഥിരത പുലര്‍ത്താന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കായിട്ടില്ല. ഫ്രഞ്ച് ലീഗില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന താരം ചാമ്പ്യൻസ് ലീഗിലെ ചില മത്സരങ്ങളില്‍ മിന്നിയിരുന്നു.
എന്നാല്‍ പ്രീക്വാർട്ടറിന്‍റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെതിരെ താരം പെനാൽറ്റി നഷ്ടപ്പെടുത്തിയത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. മത്സരത്തില്‍ 61ാം മിനിറ്റിലാണ് മെസി പെനാല്‍റ്റി പാഴാക്കിയത്.
എംബാപ്പെയെ റയല്‍ താരം ഡാനി കാര്‍വഹല്‍ ബോക്സില്‍ വീഴ്ത്തിയതിനാണ് ലഭിച്ചത്. മെസിയെടുത്ത കിക്ക് റയല്‍ ഗോള്‍ കീപ്പര്‍ തിബോട്ട് കോർട്ടോയിസ് തട്ടിയകറ്റുകയായിരുന്നു. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഒരു നാണക്കേടിന്‍റെ റെക്കോര്‍ഡിനൊപ്പവും സൂപ്പര്‍ താരമെത്തി.
ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ താരമെന്ന തിയറി ഹെന്‍ട്രിയുടെ മോശം റെക്കോര്‍ഡിനൊപ്പമാണ് മെസി എത്തിയത്. ഇരുവരും അഞ്ച് പെനാല്‍റ്റികളാണ് ചാമ്പ്യന്‍സ് ലീഗില്‍ പാഴാക്കിയിട്ടുള്ളത്. ലീഗില്‍ മെസിയുടെ 23ാം പെനാല്‍റ്റിയായിരുന്നു റയലിനെതിരെയുള്ളത്.
അതേസമയം മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പിഎസ്‌ജി റയലിനെ കീഴടക്കിയിരുന്നു. ഇഞ്ച്വറി ടൈമിൽ ഗോൾ നേടിയ എംബാപ്പെയാണ് ഫ്രഞ്ച് ടീമിന്‍റെ രക്ഷകനായത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്താന്‍ പിഎസ്‌ജിക്കായിരുന്നെങ്കിലും അവസരങ്ങള്‍ മുതലാക്കാനായിരുന്നില്ല.