കേരളം

kerala

ETV Bharat / sports

'മിശിഹ' പിഎസ്‌ജി കുപ്പായം അഴിക്കുന്നു, അവസാന മത്സരം നാളെ; ലയണല്‍ മെസിയെ ടീമിലെത്തിക്കാന്‍ വല വിരിച്ച് ക്ലബ്ബുകള്‍

സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജി വിടുന്ന കാര്യം കഴിഞ്ഞ ദിവസമാണ് പരിശീലകന്‍ ക്രിസ്റ്റോഫ് ഗാല്‍ട്ടിയര്‍ സ്ഥിരീകരിച്ചത്. ക്ലെര്‍മണ്ടിനെതിരെയാണ് മെസി പിഎസ്‌ജിയിലെ തന്‍റെ അവസാന മത്സരം കളിക്കുന്നത്.

By

Published : Jun 2, 2023, 2:25 PM IST

lionel messi  lionel messi psg  lionel messi last match for psg  lionel messi transfer news  messi latest news  messi  psg  പിഎസ്‌ജി  ലയണല്‍ മെസി  ക്രിസ്റ്റോഫ് ഗാല്‍ട്ടിയര്‍  ബാഴ്‌സലോണ
Messi

പാരിസ്:അര്‍ജന്‍റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ സംഭവ ബഹുലമായ പിഎസ്‌ജി കരിയറിന് നാളെ തിരശീല വീഴും. ക്ലെര്‍മണ്ടിനെതിരെ നാളെ നടക്കുന്ന മത്സരത്തിലാണ് മെസി അവസാനമായി ഫ്രഞ്ച് ക്ലബ്ബിന്‍റെ ജഴ്‌സിയണിയുക. കഴിഞ്ഞ ദിവസമാണ് ടീമിന്‍റെ പരിശീലകന്‍ ക്രിസ്റ്റോഫ് ഗാല്‍ട്ടിയര്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം നടത്തിയത്.

'ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. വരുന്ന ശനിയാഴ്‌ച പിഎസ്‌ജിയുടെ ജഴ്‌സിയില്‍ അദ്ദേഹത്തിന്‍റെ അവസാനത്തെ മത്സരമാണ് നടക്കാന്‍ പോകുന്നത്. മികച്ചൊരു വിടവാങ്ങല്‍ അവിടെ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ' എന്നായിരുന്നു പിഎസ്‌ജി പരിശീലകന്‍റെ വാക്കുകള്‍.

ലോകകപ്പ് ജേതാവായ മെസിയും പിഎസ്‌ജി ക്ലബ്ബും ആരാധകരും തമ്മിലുള്ള കോലാഹലങ്ങള്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ടീമുമായി കരാര്‍ പുതുക്കാതിരുന്ന താരത്തെ പലപ്പോഴും കൂവലുകളോടെയായിരുന്നു ആരാധകര്‍ വരവേറ്റത്. ടീമിനെ അറിയിക്കാതെ മെസി സൗദി സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ക്ലബ്ബും മാനേജ്മെന്‍റും താരവുമായി കൂടുതല്‍ ഇടഞ്ഞു.

ഇക്കാര്യങ്ങളെല്ലാം നടന്നതിന് പിന്നാലെയാണ് മെസി ക്ലബ്ബ് വിടുന്നു എന്നതില്‍ പിഎസ്‌ജി പരിശീലകന്‍ തന്നെ സ്ഥിരീകരണം നടത്തിയത്. അവസാന മത്സരത്തില്‍ മെസിയുടെ ഗോളിലൂടെയാണ് പിഎസ്‌ജി ഇപ്രാവശ്യത്തെ ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിച്ചത്. ടീമിന്‍റെ 11-ാം ഫ്രഞ്ച് ലീഗ് കിരീടമാണിത്.

സ്‌പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ നിന്നും 2021ലായിരുന്നു മെസി പാരിസ് സെയ്‌ന്‍റ് ജര്‍മ്മനിലേക്കെത്തിയത്. പിന്നീട് 74 മത്സരങ്ങള്‍ ഫ്രഞ്ച് ക്ലബ്ബിനായി അര്‍ജന്‍റൈന്‍ താരം കളത്തിലിറങ്ങി. 32 ഗോളും 35 അസിസ്റ്റുകളുമാണ് പിഎസ്‌ജി ജഴ്‌സിയില്‍ മെസിയുടെ അക്കൗണ്ടിലുള്ളത്.

മെസി എങ്ങോട്ടേക്ക്..?:ഫ്രഞ്ച് ക്ലബ്ബ് പിഎസ്‌ജി വിടുന്ന ലയണല്‍ മെസി ഇനി എങ്ങോട്ടേക്ക് എന്നതില്‍ ഇതുവരെ ഉത്തരം ആരാധകര്‍ക്ക് ലഭിച്ചിട്ടില്ല. സൗദിയിലെ ക്ലബ്ബുകളും അമേരിക്കന്‍ ടീമുകളും മെസിക്കായി രംഗത്തുണ്ട്. താരത്തിന്‍റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയുടെ പരിശീലകനും മെസിയെ തിരികെയെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.

മെസിക്ക് മുന്നില്‍ ബാഴ്‌സയുടെ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുമെന്നും ഇതില്‍ അന്തിമ തീരുമാനം താരത്തിന്‍റേതായിരിക്കുമെന്നാണ് ബാഴ്‌സ പരിശീലകന്‍ സാവി അഭിപ്രായപ്പെട്ടത്. ക്ലബ്ബ് മാറ്റത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് തിങ്കളാഴ്‌ച വരെ കാത്തിരിക്കാൻ ബാഴ്‌സലോണ ലയണല്‍ മെസിയോട് അഭ്യർഥിച്ചതായും റിപ്പോർട്ടുകളുണ്ട്.

വലവിരിച്ച് ക്ലബ്ബുകള്‍:ലയണല്‍ മെസി പിഎസ്‌ജി വിടുന്നു എന്നുറപ്പായതോടെ താരത്തെ സ്വന്തമാക്കാന്‍ മറ്റു ക്ലബ്ബുകളും രംഗത്തെത്തിയിട്ടുണ്ട്. താരം മുന്‍പ് കളിച്ചിരുന്ന സ്‌പാനിഷ് ടീം ബാഴ്‌സലോണയും സൗദി ക്ലബ് അല്‍ ഹിലാലും മെസിയെ തങ്ങളുടെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മെസിയെ സ്വന്തമാക്കാന്‍ അല്‍ ഹിലാല്‍ വമ്പന്‍ തുകയാണ് ഓഫര്‍ ചെയ്‌തിരിക്കുന്നത്.

അല്‍ ഹിലാല്‍ മെസിക്കായി 40 കോടി യുഎസ് ഡോളര്‍ (ഏകദേശം 3270 കോടി രൂപ) ആണ് ഓഫര്‍ ചെയ്‌തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ മെസി സൗദി ക്ലബ്ബുകളിലേക്ക് ചേക്കേറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, മെസിയെ സ്വന്തമാക്കാന്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലെ ടീമുകളും സജീവമായി തന്നെ രംഗത്തുണ്ട്.

Also Read:20 ഗോളുകളും അസിസ്റ്റുകളും ; ഈ സീസണിൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗ് റെക്കോഡുമായി ലയണൽ മെസി

ABOUT THE AUTHOR

...view details