ഫ്ലോറിഡ:അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ അരങ്ങേറ്റം കുറിക്കുന്നതിനായി അര്‍ജന്‍റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി ഫ്ലോറിഡയിലെത്തി. ഫോർട്ട് ലോഡർഡെയ്‌ൽ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റ് വിമാനത്തിലാണ് മെസി പറന്നിറങ്ങിയത്. ഭാര്യ അന്‍റോണെല റൊക്കുസോയും മക്കളും സൂപ്പര്‍ താരത്തിന് ഒപ്പമുണ്ട്.
ഇന്‍റര്‍ മിയാമിയുമായി സൈനിംഗ് പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് 36-കാരനായ ലയണല്‍ മെസി ഫ്ലോറിഡയിലെത്തുന്നത്. ഡസൻ കണക്കിന് ആരാധകരും അര്‍ജന്‍റൈന്‍ താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. മെസി വിമാനത്താവളത്തിലെത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മെസിയും ഇന്‍റര്‍ മിയാമിയും തമ്മിള്ള കരാര്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.
എന്നാല്‍ പ്രതിവർഷം ഏകദേശം 50 മില്യൺ ഡോളര്‍ (ഏകദേശം 410 കോടിയോളം ഇന്ത്യന്‍ രൂപ) മുതൽ 60 മില്യൺ ഡോളർ (ഏകദേശം 492 കോടിയോളം ഇന്ത്യന്‍ രൂപ) വരെയുള്ള തുകയ്‌ക്ക് രണ്ടര വർഷത്തെ കരാറിലാണ് ക്ലബുമായി താരം കരാര്‍ ഒപ്പുവയ്‌ക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മേജര്‍ ലീഗ് സോക്കറിന്‍റെ ചരിത്രത്തില്‍ ഏറ്റവും വലിയ ട്രാന്‍സ്‌ഫറുകളിലൊന്നാണിത്. ജൂലൈ 16-ന് ഒരു പ്രധാന അവതരണച്ചടങ്ങിനായി ഇന്‍റര്‍ മിയാമി ആരാധകരെ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചിരുന്നു. മെസിയെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ചടങ്ങാണിതെന്നാണ് കരുതപ്പെടുന്നത്.
ഇംഗ്ലീഷ് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്‍റെ സഹ ഉടമസ്ഥതയിലുള്ള ക്ലബാണ് ഇന്‍റര്‍ മിയാമി. ലയണല്‍ മെസിയെ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി കൂറ്റന്‍ ചുമര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ ക്ലബ് അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഒന്നില്‍ മിനിക്ക് പണികള്‍ നടത്തുന്ന ബെക്കാമിന്‍റെ വീഡിയോ ഭാര്യ വിക്‌ടോറിയ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു.