ദോഹ:പ്രൊഫഷണൽ ഫുട്ബോൾ കരിയറിലെ 1000-മത്തെ മത്സരം, അർജന്‍റീനയുടെ ക്യാപ്റ്റനെന്ന നിലയിൽ 100-ാം മത്സരം എന്നിങ്ങനെ ഏറെ പകിട്ടോടെയാണ് ഓസ്ട്രേലിയക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിനായി ലയണൽ മെസി അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഇറങ്ങിയത്. നീലയും വെള്ളയും കുപ്പായത്തിലെത്തിയ ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി കളത്തിലിറങ്ങിയ താരം തന്‍റെ ഇടം കാലിലൊളിപ്പിച്ച ഇന്ദ്രജാലങ്ങളുമായാണ് ആരാധകരുടെ മനസ് നിറച്ചത്. ഖത്തറിൽ തന്‍റെ അഞ്ചാം ലോകകപ്പിനിറങ്ങിയ മെസിയുടെ മികവിൽ ഓസ്ട്രേലിയയെ കീഴടക്കിയ അർജന്‍റീന ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചു.
മറഡോണയും പിന്നിലായി: അർജന്‍റീന ജഴ്‌സിയിൽ 169 മത്സരങ്ങൾ പൂർത്തിയാക്കിയ മെസി ക്ലബ് തലത്തിൽ ബാഴ്‌സലോണക്കായി 778 മത്സരങ്ങളും നിലവിൽ കളിക്കുന്ന പിഎസ്‌ജിക്കായി 53 മത്സരങ്ങളിലും ബൂട്ടണിഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ നേടിയ ഗോളാടെ ലോകകപ്പിൽ മെസിയുടെ ഗോൾ നേട്ടം ഒമ്പതായി. അതോടെ സാക്ഷാല്‍ മറഡോണയെയാണ് ഗോളുകളുടെ എണ്ണത്തിൽ മെസി മറികടന്നത്.