ലണ്ടൻ: കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവുമധികം വരുമാനം നേടിയ കായിക താരങ്ങളുടെ ഫോബ്‌സ് മാഗസിന്‍റെ പട്ടികയിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് അർജന്‍റീനിയൻ ഫുട്‌ബോളർ ലയണൽ മെസി. പട്ടിക പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം 130 മില്യണ്‍ ഡോളറാണ് (ഏകദേശം 1005 കോടി രൂപ) മെസിയുടെ വരുമാനം. ഇതിൽ 7.5 കോടി ഡോളർ കളിക്കളത്തിൽ നിന്നും 5.5 കോടി ഡോളർ പരസ്യങ്ങളിൽ നിന്നുമാണ് താരം സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം ഐറിഷ് എം.എം.എ ഫൈറ്റർ കൊണോർ മക്‌ഗ്രിഗോർ മെസിയിൽ നിന്ന് ഒന്നാം സ്ഥാനം പിടിച്ചെടുത്തിരുന്നു. എന്നാൽ ഇത്തവണ മെക്‌ഗ്രിഗോറിന് ആദ്യ പത്തിൽ പോലും ഇടം നേടാൻ സാധിച്ചില്ല. 2021 മെയ് ഒന്ന് മുതൽ 2022 മെയ് ഒന്നുവരെയുള്ള കാലയളവിലെ കായിക താരങ്ങളുടെ പ്രതിഫലമാണ് ഫോബ്‌സ് പരിശോധിച്ചത്. പട്ടികയിൽ 33.9 മില്യണ്‍ ഡോളറുമായി 61 സ്ഥാനത്തുള്ള വിരാട് കോലിയാണ് ആദ്യ 100ൽ ഇടം പിടിച്ച ഏക ഇന്ത്യൻ താരം.
121. 2 മില്യണ്‍ ഡോളർ (ഏകദേശം 935 കോടി) സ്വന്തമാക്കിയ ബാസ്‌കറ്റ്ബോൾ താരം ലെബ്രോണ്‍ ജെയിംസാണ് പട്ടികയിൽ മെസിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്. 115 മില്യണ്‍ ഡോളറുമായി (ഏകദേശം 889 കോടി) ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ബ്രസീൽ ഫുട്ബോൾ താരം നെയ്‌മറാണ് 95 മില്യണ്‍ ഡോളറുമായി (ഏകദേശം 735 കോടി) നാലാം സ്ഥാനത്ത്.
എൻബിഎ ചാമ്പ്യൻ സ്റ്റെഫൻ കറിയാണ് 92.8 മില്യണ്‍ ഡോളറുമായി(ഏകദേശം 730 കോടി) അഞ്ചാം സ്ഥാനത്ത്. 92.1 മില്യണ്‍ ഡോളറുമായി എൻബിഎ താരം കെവിൻ ഡുറന്‍റാണ് ആറാം സ്ഥാനത്ത്. പരിക്ക് പിടിമുറുക്കിയെങ്കിലും 90.7 മില്യണ്‍ ഡോളറുമായി ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ ഏഴാം സ്ഥാനം സ്വന്തമാക്കി. മെക്‌സിക്കന്‍ ബോക്‌സര്‍ കനെലോ അല്‍വാരസ് 90 മില്യണ്‍ ഡോളര്‍, സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ ടോം ബ്രാഡി 83.9 മില്യണ്‍ ഡോളര്‍, എന്‍ബിഎ താരം യാനിസ് 80.9 മില്യണ്‍ ഡോളര്‍ എന്നിവരാണ് അവസാന മൂന്ന് സ്ഥാനങ്ങളില്‍.