റിയോ ഡി ജനീറോ: ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ ചരിത്രപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തിലെ ഹാള്‍ ഓഫ് ഫെയിമിൽ കാൽപ്പാടുകൾ പതിപ്പിക്കാൻ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിക്ക് വീണ്ടും ക്ഷണം. സ്റ്റേഡിയത്തിന്‍റെ നടത്തിപ്പുകാരായ റിയോ ഡി ജനീറോ സ്റ്റേറ്റ് സ്‌പോർട്‌സിന്‍റെ സൂപ്രണ്ടാണ് മെസിക്കുള്ള ക്ഷണം ആവര്‍ത്തിച്ചിരിക്കുന്നത്. ക്ഷണമറിയിച്ച് സൂപ്രണ്ട് പ്രസിഡന്‍റ് അഡ്രിയാനോ സാന്‍റോസ് അര്‍ജന്‍റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ വഴി മെസിക്ക് കത്തയച്ചു.
വർഷങ്ങളായി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ തുടരുന്ന മെസി കളത്തിന് അകത്തും പുറത്തും തന്‍റെ പ്രാധാന്യം തെളിയിച്ച താരമാണ്. മെസിയുടെ പ്രതിഭയെ ആദരിക്കുന്നത് മാറക്കാനയ്‌ക്ക് അഭിമാനമാണെന്നും കത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന കോപ്പ അമേരിക്ക നേടിയതിന് പിന്നാലെയും കാൽപ്പാടുകൾ പതിപ്പിക്കാൻ മെസിക്ക് ക്ഷണമുണ്ടായിരുന്നു.
1950ലും 2014ലും ലോകകപ്പ് ഫൈനലുകൾക്ക് ആതിഥേയത്വം വഹിച്ച മാറക്കാന സ്റ്റേഡിയത്തിൽ വച്ചാണ് കഴിഞ്ഞ വര്‍ഷം അര്‍ജന്‍റീന കോപ്പ അമേരിക്ക ചാമ്പ്യന്മാരായത്. മെസി ക്ഷണം സ്വീകരിച്ചാൽ, ബ്രസീൽ ഇതിഹാസങ്ങളായ പെലെ, ഗാരിഞ്ച, റിവെലിനോ, റൊണാൾഡോ, ചിലിയുടെ ഏലിയാസ് ഫിഗുറോവ, സെർബിയയുടെ ഡെജാൻ പെറ്റ്‌കോവിച്ച്, പോർച്ചുഗലിന്‍റെ യൂസേബിയോ, ഉറുഗ്വേയുടെ സെബാസ്റ്റ്യൻ അബ്ര്യൂ, ജർമനിയുടെ ഫ്രാൻസ് ബെക്കൻബോവർ എന്നിവരോടൊപ്പം താരത്തിന്‍റെ കാൽപ്പാടുകളും പതിക്കപ്പെടും.
അതേസമയം ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ 2018ലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്‍റീന കിരീടം നേടിയത്. മത്സരം നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിലായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്‍റീന ജയം പിടിച്ചത്. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരായി ലയണല്‍ മെസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ALSO READ:'മുച്ചാച്ചോസ്, വി കാന്‍ ഡ്രീം എഗെയ്‌ന്‍'; മെസിയുടെ ചങ്കില്‍ തീ പടര്‍ത്തിയ ഗാനം