മയാമി: അവതാരകന്‍റെ ഇടതടവില്ലാത്ത വാക്പ്രയോഗത്താല്‍ മുഖരിതവും ആരാധകരുടെ നിലയ്‌ക്കാത്ത കരഘോഷത്താലും നിറഞ്ഞ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയുടെ തിരശീലയ്‌ക്ക് പിന്നിൽ നിന്നും ലയണൽ മെസി മൈതാനമധ്യത്തിലൂടെ നടന്നുനീങ്ങി. ലോകമെമ്പാടുള്ള മെസി ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് 'ദി അൺവെയിൽ' എന്ന പേരിട്ടിരുന്ന പരിപാടിയിലൂടെ സൂപ്പർ താരത്തെ മേജർ സോക്കർ ലീഗ് ക്ലബ് ഇന്‍റർ മയാമി ആരാധകർ മുന്നിൽ അവതരിപ്പിച്ചത്. വർഷങ്ങളായുള്ള കാത്തിരിപ്പിനും പ്രതീക്ഷയ്ക്കമൊടുവിലാണ് ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍റർ മയാമി ലയണൽ മെസിയെ ടീമിലെത്തിച്ചത്.
മെസിയെ ഔദ്യേഗികമായി അവതരിപ്പിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ കനത്ത മഴയും മോശം കാലാവസ്ഥയും വകവയ്‌ക്കാതെ ഇരുപതിനായിരിത്തിലധികം ആരാധകരാണ് ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തിലെത്തിയത്. മൈതാനത്തിലേക്ക് പ്രവേശിച്ച മെസിയെ അമേരിക്കയുടെ നമ്പർ 10, ലോകത്തിലെ ഏറ്റവും മികച്ച നമ്പർ 10" എന്ന് പരിചയപ്പെടുത്തിയാണ് വേദിയിലേക്ക് സ്വാഗതം ചെയ്‌തത്.
വേദിയിൽ വച്ച് ടീമിന്‍റ പിങ്ക് നിറത്തിലുള്ള ജഴ്‌സി ഏറ്റുവാങ്ങിയ മെസി വളരെ സന്തോഷത്തോടെയാണ് ആരാധകരെ അഭിസംബോധന ചെയ്‌ത് സംസാരിച്ചത്. 'എന്‍റെ കുടുംബത്തോടൊപ്പം ഈ നഗരത്തിലേക്ക് വരാൻ തീരുമാനിച്ചതിലും ഈ പ്രോജക്റ്റ് തിരഞ്ഞെടുത്തതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഞങ്ങൾ ഇത് വളരെയധികം ആസ്വദിക്കാൻ പോകുകയാണ് എന്നതിൽ എനിക്ക് സംശയമില്ല' - ലയണൽ മെസി പറഞ്ഞു.
ഞങ്ങൾക്ക് ഒരു നല്ല സമയം ലഭിക്കാൻ പോകുന്നു, വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു. വളരെ നന്ദി, ഈ ദിവസത്തിന് എല്ലാവർക്കും നന്ദി. മത്സരത്തിനുള്ള പരിശീലനം ആരംഭിക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല. എനിക്ക് എപ്പോഴും മത്സരിക്കണമെന്നും വിജയിക്കണമെന്നും അതിനെ (മിയാമി) വളരാൻ സഹായിക്കണമെന്നാണ് ആഗ്രഹമെന്നും മെസി കൂട്ടിച്ചേർത്തു.