കേരളം

kerala

ETV Bharat / sports

'ആ ആഗ്രഹം നടന്നില്ല... മനസുതുറന്ന് മെസി', ആശംസയുമായി ബാഴ്‌സയും.. - മേജര്‍ സോക്കര്‍ ലീഗ്

സ്‌പാനിഷ് മാധ്യമങ്ങളായ ഡിയാരിയോ സ്‌പോര്‍ട്ടിനും മുണ്‍ഡോ ഡിപോര്‍ട്ടിവേയ്‌ക്കും നല്‍കിയ അഭിമുഖത്തിലാണ് ഇന്‍റര്‍ മയാമിയിലേക്ക് ചേക്കേറുന്ന വിവരം ലയണല്‍ മെസി തന്നെ അറിയിച്ചത്.

Etv Bharat
Etv Bharat

By

Published : Jun 8, 2023, 12:12 PM IST

Updated : Jun 8, 2023, 2:25 PM IST

പാരിസ്:'യൂറോപ്പിലെ മറ്റ് ടീമുകളില്‍ നിന്നും ഓഫര്‍ വന്നിരുന്നു. എന്നാല്‍ അതിനെ കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിരുന്നത് പോലുമില്ല. കാരണം, യൂറോപ്പില്‍ ബാഴ്‌സലോണയിലേക്ക് പോകുക എന്നത് മാത്രമായിരുന്നു എന്‍റെ തീരുമാനം...' മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബ് ഇന്‍റര്‍ മയാമിയിലേക്ക് ചേക്കേറുന്ന വിവരം സ്ഥിരീകരിച്ചതിന് പിന്നാലെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി പറഞ്ഞ വാക്കുകളാണിത്.

കഴിഞ്ഞ ദിവസം സ്‌പാനിഷ് മാധ്യമങ്ങളായ ഡിയാരിയോ സ്‌പോര്‍ട്ടിനും മുണ്‍ഡോ ഡിപോര്‍ട്ടിവേയ്ക്കും നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്ക് ലയണല്‍ മെസി തന്നെ തിരശീലയിട്ടത്. ഈ സീസണൊടുവില്‍ മെസി ഫ്രഞ്ച് ക്ലബ്ബ് പിഎസ്‌ജി വിടുമെന്ന് നേരത്തെ തന്നെ ഉറപ്പായ കാര്യമാണ്. അത് എങ്ങോട്ടേക്കാകും എന്നതില്‍ മാത്രമായിരുന്നു ഉത്തരം ലഭിക്കേണ്ടിയിരുന്നത്.

മെസിയെ വമ്പന്‍ തുക മുടക്കി സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലും, ഇംഗ്ലീഷ് ക്ലബ്ബുകളായ ചെല്‍സി, ന്യൂകാസില്‍ യുണൈറ്റഡ് എന്നിവയും രംഗത്തുണ്ടായിരുന്നു. എന്നാല്‍, ബാഴ്‌സയിലേക്ക് മടങ്ങാനാണ് മെസി ആഗ്രഹിക്കുന്നതെന്ന് താരത്തിന്‍റെ പിതാവും ഏജന്‍റുമായ ഹോര്‍ഗെ മെസിയും വ്യക്തമാക്കിയിരുന്നു. ഇതോടെ, താരം പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും.

എന്നാല്‍, ലാ ലിഗയിലെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ ചട്ടങ്ങള്‍ വിലങ്ങുതടിയായതോടെ ബാഴ്‌സയിലേക്കുള്ള മടങ്ങിവരവ് നടക്കില്ലായെന്ന് ഏറെക്കുറെ ഉറപ്പായി. വരവില്‍ കവിഞ്ഞ തുക ചെലവഴിച്ച് ക്ലബ്ബുകള്‍ പാപ്പരാകുന്നത് തടയുന്നതിന് വേണ്ടിയുള്ള നിയമങ്ങളാണിവ. ഈ ചട്ടങ്ങള്‍ അനുസരിച്ച് ടീമിലെ താരങ്ങളുടെ ട്രാന്‍സ്‌ഫറിനും പ്രതിഫലത്തിനും വേണ്ടി ക്ലബ്ബുകള്‍ക്ക് അധികമായി പണം ചെലവഴിക്കാന്‍ സാധിക്കില്ല. എഎഫ്‌പി ചട്ടങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല എന്ന സാഹചര്യം ഉണ്ടായപ്പോഴായിരുന്നു 2021-ല്‍ ബാഴ്‌സയ്‌ക്ക് മെസിയെ വിട്ടുനല്‍കേണ്ടി വന്നത്.

ഇന്‍റര്‍ മയാമിയിലേക്കുള്ള കൂടുമാറ്റത്തെ കുറിച്ച് മെസിയുടെ സ്ഥിരീകരണം വന്നുകഴിഞ്ഞു. ടീം ഓണര്‍ ജോർജ്ജ് മാസ് ട്വിറ്ററിലൂടെ ഇതിനെ കുറിച്ചുള്ള സൂചനയും നല്‍കിയിട്ടുണ്ട്. ആരാധകര്‍ ഇനി കാത്തിരിക്കുന്നത് ഒരു ചടങ്ങ് മാത്രമായ ടീമിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടിയാണ്.

മെസിയും ഇന്‍റര്‍ മയാമിയും: ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്‍റെ സഹ ഉടമസ്ഥതതയില്‍ 2018ല്‍ സ്ഥാപിതമായ ക്ലബ്ബാണ് ഇന്‍റര്‍ മയാമി. നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഇന്‍റര്‍ മയാമി. നാല് വര്‍ഷത്തേക്ക് മെസിക്കായി 54 മില്യണ്‍ ഡോളറാണ് ഇന്‍റര്‍ മയാമി വാഗ്‌ദാനം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ മെസിക്ക് ക്ലബ്ബ് നല്‍കിയ ഓഫറിൽ ആപ്പിൾ, അഡിഡാസ് തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുമായി സങ്കീർണ്ണമായ സ്‌പോൺസർഷിപ്പ് ഡീലുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നേരത്തെ, താരം ക്ലബ്ബിലേക്കെത്തിയാല്‍ ടീമിന്‍റെ 35 ശതമാനം ഉടമസ്ഥാവകാശം നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആശംസയുമായി ബാഴ്‌സലോണ:മേജര്‍ ലീഗ് സോക്കറില്‍ ഇന്‍റര്‍ മയാമിയിലേക്ക് ചേക്കേറുന്നതില്‍ സ്ഥിരീകരണം നടത്തിയതിന് പിന്നാലെ മെസിക്ക് ആശംസയുമായി സ്‌പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സലോണ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‌താവനയിലൂടെയാണ് താരത്തിന്‍റെ മുന്‍ ക്ലബ്ബ് ആശംസയറിയിച്ചത്. ലയണല്‍ മെസി ഇന്‍റര്‍ മയാമിയിലേക്ക് പോകുന്ന വിവരം അദ്ദേഹത്തിന്‍റെ പിതാവും മാനേജറുമായ യോര്‍ഗെ മെസി ഇക്കഴിഞ്ഞ തിങ്കളാഴ്‌ച (ജൂണ്‍ 5) തന്നെ പ്രസിഡന്‍റ് യൊഹാന്‍ ലപോര്‍ട്ടയെ അറിയിച്ചിരുന്നെന്നും ക്ലബ്ബ് പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.

ലയണല്‍ മെസി ഇനി ബൂട്ടുകെട്ടുന്നത്:ഈ മാസമാണ് പിഎസ്‌ജിയുമായുള്ള ലയണല്‍ മെസിയുടെ കരാര്‍ അവസാനിക്കുന്നത്. 2021ലായിരുന്നു താരം ബാഴ്‌സലോണയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബിലേക്കെത്തിയത്. രണ്ട് വര്‍ഷത്തെ കരാറിലായിരുന്നു താരത്തിന്‍റെ കൂടുമാറ്റം.

മെസി പിഎസ്‌ജി വിട്ട സാഹചര്യത്തില്‍ ഇനി എന്നാകും അടുത്ത മത്സരത്തില്‍ പുതിയ ടീമിനൊപ്പം ഇറങ്ങുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്‍റര്‍ മയാമിയിക്കൊപ്പം വരുന്ന ജൂലൈയില്‍ മെസിയുടെ മേജര്‍ സോക്കല്‍ ലീഗ് അരങ്ങേറ്റം നടക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് മുന്‍പായി ലോക ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയുടെ ജഴ്‌സിയില്‍ ഓസ്‌ട്രേലിയ, ഇന്തോനേഷ്യ എന്നീ ടീമുകള്‍ക്കെതിരെ സൗഹൃദ മത്സരത്തിനായി മെസി ഇറങ്ങുമെന്നും സൂചനകളുണ്ട്.

ജൂണ്‍ 15ന് ബീജിങ്ങിലാണ് ഓസ്‌ട്രേലിയക്കെതിരായ അര്‍ജന്‍റീനയുടെ മത്സരം. 19ന് ഇന്തോനേഷ്യയേയും ടീം നേരിടും. ജക്കാര്‍ത്തയില്‍ വച്ചാണ് ഈ മത്സരം.

Also Read :ലയണല്‍ മെസി യുഎസിലേക്ക് ?; ഇന്‍റർ മിയാമിയുമായി കരാറൊപ്പിട്ടേക്കും

Last Updated : Jun 8, 2023, 2:25 PM IST

ABOUT THE AUTHOR

...view details