പാരിസ്: ചാമ്പ്യന്‍സ് ലീഗില്‍ ഇസ്രായേല്‍ ക്ലബ് മക്കാബി ഹൈഫയെ തകർത്തെറിഞ്ഞ് പിഎസ്‌ജി. ഇരട്ടഗോളുമായി ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും തിളങ്ങിയ മത്സരത്തില്‍ മക്കാബി ഹൈഫയെ 7-2നാണ് പാരിസ് ക്ലബ് പരാജയപ്പെടുത്തിയത്. ജയത്തോടെ പിഎസ്‌ജി പ്രീ-ക്വാര്‍ട്ടര്‍ യോഗ്യത നേടി.
ബ്രസീല്‍ സൂപ്പര്‍താരം നെയ്‌മര്‍, സ്‌പാനിഷ് താരം കാര്‍ലോസ് സോളര്‍ എന്നിവരും പിഎസ്‌ജിക്കുവേണ്ടി ഗോള്‍ നേടി. ഒരു ഗോള്‍ മക്കാബി താരത്തിന്‍റെ സെല്‍ഫായിരുന്നു. സെനഗല്‍ താരം അബ്‌ദുലെയ് സെക്കാണ് മക്കാബിയുടെ രണ്ടു ഗോളുകളും നേടിയത്. മത്സരത്തിലുടനീളം കളം നിറഞ്ഞ് കളിച്ച മെസി തന്നെയാണ് പിഎസ്‌ജിയുടെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്.
തുടക്കം മുതൽ ആക്രമിച്ച കളിച്ച പിഎസ്‌ജി മത്സരത്തിന്‍റെ 19-ാം മിനിട്ടിൽ തന്നെ ആദ്യ ഗോൾ സ്വന്തമാക്കി. 19-ാം മിനിട്ടില്‍ ബോക്‌സിനുള്ളില്‍ നിന്ന് എംബാപ്പെ നല്‍കിയ പന്ത് മെസി വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ 32-ാം മിനിട്ടിൽ എംബാപെ ലീഡ് ഉയർത്തി. തൊട്ടുപിന്നാലെ 35-ാം മിനിട്ടിൽ നെയ്‌മറുടെ വകയായി പിഎസ്‌ജി മൂന്നാം ഗോളും നേടി.
ഇതോടെ മറുപടി ഗോളിനായി കിണഞ്ഞ് ശ്രമിച്ച മക്കാബി 38-ാം മിനിട്ടിൽ സെക്കിലൂടെ മക്കാബി ആദ്യ ഗോൾ സ്വന്തമാക്കി. എന്നാൽ തൊട്ടുപിന്നാലെ 44-ാം മിനിട്ടിൽ എംബാപ്പെ നൽകിയ പന്ത് മനോഹരമായി വലയിലെത്തിച്ച് മെസി തന്‍റെ രണ്ടാമത്തെ ഗോളും പൂർത്തിയാക്കി. ഇതോടെ 4-1ന് ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിൽ മക്കാബിയാണ് ആദ്യം ഗോൾ വേട്ട തുടങ്ങിയത്. 50-ാം മിനിട്ടിൽ അബ്‌ദുലെയ് സെക്കിന്‍റെ വകയായിരുന്നു രണ്ടാം ഗോൾ. പിന്നാലെ ആക്രമണം കടുപ്പിച്ച പിഎസ്‌ജി 64-ാം മിനിട്ടിൽ എംബാപെയിലൂടെ അഞ്ചാം ഗോൾ തികച്ചു. 67-ാം മിനിട്ടിൽ മക്കാബിയുടെ ഗെൾഡ്‌ബെർഗിന്‍റെ വകയായി പിഎസ്‌ജിക്ക് സെൽഫ് ഗോൾ ലഭിച്ചു. പിന്നാലെ 84-ാം മിനിട്ടിൽ സോളാർ പിഎസ്‌ജിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.
ജയത്തോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് 11 പോയിന്‍റുമായി പിഎസ്‌ജി പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ യുവന്‍റസിനെ 4-3ന് തോല്‍പ്പിച്ച് ബെന്‍ഫിക്ക അവസാന പതിനാറില്‍ ഇടം ഉറപ്പിച്ചു. തോല്‍വിയോടെ 2013നു ശേഷം ആദ്യമായി യുവന്‍റസ് പ്രീ-ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ബെന്‍ഫിക്കയ്‌ക്ക് അഞ്ചു മത്സരങ്ങളില്‍ നിന്ന് 11 പോയിന്‍റുണ്ട്.