പാരീസ്:ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെർമെയ്നുമായുള്ള (പിഎസ്ജി) കരാര്‍ പുതുക്കാത്ത അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലേക്ക് ചേക്കേറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2021-ല്‍ പിഎസ്ജിയില്‍ എത്തിയ മെസിക്ക് ജൂണ്‍ വരെയാണ് ക്ലബുമായി കരാറുള്ളത്. 2022-ലെ ഖത്തര്‍ ലോകകപ്പ് മുതല്‍ക്ക് 35-കാരനുമായുള്ള കരാര്‍ പുതുക്കാന്‍ പിഎസ്ജി ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.
തന്റെ മുന്‍ ക്ലബ് എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങാനാണ് മെസിക്ക് താത്പര്യമെന്ന് പിതാവും ഏജന്റുമായ ഹോര്‍ഗെ മെസി നേരത്തെ പറഞ്ഞിരുന്നു. അക്കാര്യം താനും ആഗ്രഹിക്കുന്നുണ്ടെന്നും താരത്തിന് അതിന് കഴിയുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നുമായിരുന്നു ഹോര്‍ഗെ മെസിയുടെ വാക്കുകള്‍. ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ടയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഹോര്‍ഗെ മെസി ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ മെസിയേയും ബാഴ്സയേയും വേര്‍പിരിച്ച ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാഴ്സയ്ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ മെസിക്ക് മുന്നില്‍ ഒരു ഓഫര്‍ വയ്ക്കാന്‍ പോലും ക്ലബിന് സാധിച്ചിട്ടില്ലെന്നാണ് വിവരം. ലാ ലിഗയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കപ്പെട്ടാല്‍ മാത്രമേ ബാഴ്സയ്ക്ക് മെസിയെ കൂടാരത്തില്‍ എത്തിക്കാന്‍ കഴിയൂ.
ഇതിനായി താരങ്ങളെ വില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ബാഴ്സയ്ക്ക് ചെയ്യേണ്ടതുണ്ട്. ഇതോടെ അടുത്ത സീസണില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റർ മിയാമിയുടെ കുപ്പായം അണിയുമെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മെസിക്ക് നാല് വർഷത്തേക്ക് പ്രതിവർഷം 54 മില്യൺ ഡോളർ ഇന്റര്‍ മിയാമി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.