ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് നേടിയ അർജന്‍റൈന്‍ ടീമിന്‍റെ വിക്‌ടറി പരേഡ് അലങ്കോലമായി. നായകന്‍ ലയണല്‍ മെസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ സഞ്ചരിച്ചിരുന്ന തുറന്ന ബസിലേക്ക് ആരാധകർ എടുത്തുചാടി. ആരാധകരുടെ ഭ്രാന്തമായ പെരുമാറ്റം കാരണം നഗരത്തിലൂടെ ആസൂത്രണം ചെയ്‌തിരുന്ന ടീമിന്‍റെ തുറന്ന ബസിലെ വിക്‌ടറി പരേഡ് പാതിവഴിയില്‍ അവസാനിപ്പിച്ചു.
തുടര്‍ന്ന് ഹെലികോപ്റ്ററിലാണ് ടീം വിക്‌ടറി പരേഡ് പൂർത്തിയാക്കിയത്. താരങ്ങള്‍ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഒരു പാലത്തില്‍ നിന്നും ചിലര്‍ ചാടുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ടീമിന്‍റെ വിക്‌ടറി പരേഡ് കാണാന്‍ 40 ലക്ഷം ആരാധകര്‍ തടിച്ചുകൂടിയെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ സംഘര്‍ഷമുണ്ടാക്കിയ ആരാധകരെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിന് നേരെ ആക്രമണമുണ്ടായതായും ഇവരില്‍ ചിലരെ അറസ്റ്റ് ചെയ്‌തതായും റിപ്പോര്‍ട്ടുണ്ട്. ടീമിന്‍റെ വിജയം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
ചൊവ്വാഴ്‌ച പുലര്‍ച്ചെ ടീം ബ്യൂണസ് ഐറിസില്‍ പറന്നിറങ്ങും മുമ്പ് നഗരത്തില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. ലോകകപ്പിനായുള്ള അര്‍ജന്‍റീനയുടെ 36 വര്‍ഷത്തെ കാത്തിരിപ്പാണ് മെസിപ്പട ഖത്തറില്‍ അവസാനിപ്പിച്ചത്. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന വീറും വാശിയും നിറഞ്ഞ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സംഘം മറികടന്നത്.
also read:Watch: 'നന്ദി ഡീഗോ... സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങളെ പ്രോല്‍സാഹിപ്പിച്ചതിന്'; വൈകാരികമായ വീഡിയോ പങ്കുവച്ച് ലയണല്‍ മെസി