ഫ്ലോറിഡ: അർജന്‍റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. അമേരിക്കന്‍ മേജർ ലീഗ് സോക്കർ ക്ലബായ ഇന്‍റർ മയാമിയില്‍ ചേരുന്നതിനായി ഫ്ലോറിഡയിലാണ് നിലവില്‍ മെസിയുള്ളത്. ഫ്ലോറിഡയില്‍ റോഡ് യാത്രയ്‌ക്കിടെ ട്രാഫിക് സിഗ്നലില്‍ റെഡ് ലൈറ്റ് തെളിഞ്ഞത് ശ്രദ്ധിക്കാതെ മെസി സഞ്ചരിച്ചിരുന്ന കാര്‍ മുന്നോട്ട് പോവുകയായിരുന്നു. എതിര്‍ ദിശയില്‍ നിന്നും മറ്റൊരു കാര്‍ വേഗത്തില്‍ വരുന്നുണ്ടായിരുന്നെങ്കിലും കൂട്ടിയിടി ഒഴിവായതാണ് വമ്പന്‍ അപകടം ഒഴിവാക്കിയത്.
ഫ്ലോറിഡ സ്റ്റേറ്റ് പൊലീസിന്‍റെ അകമ്പടിയോടെയായിരുന്നു 36കാരനായ മെസി സഞ്ചരിച്ചിരുന്നത്. കാര്‍ ഓടിച്ചിരുന്നത് മെസിയാണോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം ഫ്രഞ്ച് ക്ലബ് പിഎസ്‌ജി വിട്ടാണ് മെസി ഇന്‍റര്‍ മിയാമിയിലേക്ക് എത്തുന്നത്. ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍റര്‍ മിയാമിയുമായി മെസി ഒപ്പുവച്ച കരാര്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.