ബെയ്‌ജിങ്:ഓസ്ട്രേലിയക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിനായി ചൈനയിലെത്തിയ അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസിയെ ബെയ്‌ജിങ് വിമാനത്താവളത്തിൽ തടഞ്ഞ് സുരക്ഷ അധികൃതർ. പാസ്‌പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പമാണ് താരത്തിന് മോശം അനുഭവമുണ്ടാക്കിയത്. 30 മിനിട്ടിന് ശേഷം പ്രശ്‌നങ്ങൾ പരിഹരിച്ചതോടെയാണ് മെസിക്കും സംഘത്തിനും വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനായത്.
35-കാരനായ മെസി സന്ദർശനത്തിന് മുമ്പ് വിസയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്നും ഇത് സങ്കീർണതകൾക്ക് കാരണമായെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്‍റീനിയൻ പാസ്‌പോർട്ടിന് പകരം സ്‌പാനിഷ് പാസ്‌പോർട്ടിലാണ് മെസി യാത്ര ചെയ്‌തതെന്നാണ് വിവരം. സ്‌പാനിഷ് പാസ്‌പോർട്ട് ഉപയോഗിച്ചുള്ള യാത്രക്കാർക്ക് ചൈനയിലേക്ക് വിസ രഹിത പ്രവേശനമില്ല. എന്നാൽ തായ്‌വാനിലേക്ക് പ്രവേശനമുണ്ട്. അതുകൊണ്ടുതന്നെ തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നും മെസി വിസയ്‌ക്കായി അപേക്ഷ നൽകിയിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ. ഇതാണ് ബെയ്‌ജിങ് വിമാനത്താവളത്തിലെ ആശയക്കുഴപ്പത്തിന് കാരണമായത്.
തുടക്കത്തിൽ മെസിയും എയർപോർട്ട് സുരക്ഷ അധികൃതരും തമ്മിൽ ആശയവിനിമയം നടത്തുന്നതിൽ ഭാഷ ഒരു വെല്ലുവിളിയായിരുന്നെങ്കിലും അത് ഉടൻ തന്നെ പരിഹരിച്ചു. അരമണിക്കൂറിനകം വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ച മെസി വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് മടങ്ങി. സുരക്ഷ ഉദ്യോഗസ്ഥര്‍ മെസിയുടെ പാസ്‌പോര്‍ട്ട് പരിശോധിക്കുന്ന സമയത്ത് റോഡ്രിഗോ ഡിപോളും കൂടെയുണ്ടായിരുന്നു.