പാരീസ് : അടുത്ത സീസണിൽ പി.എസ്.ജിക്കൊപ്പം തനിക്ക് ഭേദപ്പെട്ട പ്രകടനം നടത്താനാകുമെന്നുറപ്പുണ്ടെന്ന് സൂപ്പർതാരം ലയണൽ മെസി. സ്‌പാനിഷ് ക്ലബ് എഫ്.സി.ബാഴ്‌സലോണയുമായി 17 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫറിലാണ് മെസി ഫ്രഞ്ച് ക്ലബ് പി.എസ്.ജി.യിലേക്ക് കൂടുമാറിയത്. പി.എസ്.ജിക്കൊപ്പം കിരീടനേട്ടങ്ങളില്‍ പങ്കാളിയായെങ്കിലും ബാഴ്‌സയിൽ ഗോളടിച്ചും അടിപ്പിച്ചും നിറഞ്ഞാടിയിരുന്ന മെസിയെയല്ല ഈ സീസണിലെ മൈതാനങ്ങളിൽ ആരാധകർ കണ്ടത്.
ഇറ്റലിക്കെതിരെയുള്ള ഫൈനലിസിമ പോരാട്ടത്തിനായി തയ്യാറെടുക്കുന്ന അര്‍ജന്‍റീന ടീമിനൊപ്പം പരിശീലനം നടത്തുകയാണ് മെസി. ഇതിനിടെ നടന്ന അഭിമുഖത്തിലാണ് മെസി ഇക്കാര്യം വെളിപ്പെടുത്തിയത്.'പിഎസ്‌ജിക്കൊപ്പമുള്ള അടുത്ത സീസൺ എനിക്ക് ഭേദപ്പെട്ടതായിരിക്കും, എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ സമ്മറിന് (ബാഴ്‌സലോണ വിട്ടതിന്) ശേഷം എനിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല,' മെസി ടി.വൈ.സി സ്‌പോർട്‌സിനോട് പറഞ്ഞതായി ഫാബ്രിസിയോ റൊമേനോ ട്വറ്ററിൽ കുറിച്ചു.
ALSO READ:ബയേണ്‍ മ്യൂണിക്കിലെ തന്‍റെ യുഗം അവസാനിച്ചുവെന്ന് ലെവന്‍ഡോവ്‌സ്‌കി
'എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ എനിക്ക് ശരിക്കും ബുദ്ധിമുട്ടായിരുന്നു. ബാഴ്‌സലോണ വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതൊരു ഞെട്ടലായിരുന്നു' - മെസി കൂട്ടിച്ചേർത്തു. ബാഴ്‌സലോണയില്‍ തുടരാനായിരുന്നു താരത്തിന്‍റെ പദ്ധതികളെങ്കിലും ലാലിഗയിലെ ചില നിയമങ്ങളാണ് താരത്തിന് തിരിച്ചടിയായത്. പി.എസ്.ജിക്കൊപ്പം ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കിയ മെസിക്കും സംഘത്തിനും ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ വരെയേ എത്താന്‍ കഴിഞ്ഞുള്ളൂ. പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനോട് പരാജയപ്പെട്ടാണ് പി.എസ്.ജി പുറത്തായത്.
പി.എസ്.ജി.ക്കായി 34 മത്സരങ്ങളില്‍ ഇറങ്ങിയ താരം 11 ഗോള്‍ നേടി. 14 അസിസ്റ്റും നല്‍കി. ഫ്രഞ്ച് ലീഗ് വണ്ണിലാണ് ആറ് ഗോളും 14 അസിസ്റ്റുമുള്ളത്. ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചുഗോള്‍ നേടിയെങ്കിലും ഗോള്‍സഹായമില്ല. ബാഴ്‌സയില്‍ കളിതുടങ്ങിയ ആദ്യ രണ്ട് സീസണുകളിലാണ് മെസിക്ക് ഇതിലും കുറച്ച് ഗോളും അസിസ്റ്റുകളുമുള്ളത്.