പാരിസ്:എട്ടാം തവണയും ബാലണ്‍ ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി (Lionel Messi Wins 8th Ballon d'Or). യുവതാരങ്ങളായ എര്‍ലിങ് ഹാലന്‍ഡ് (Erling Haaland), കിലിയന്‍ എംബാപ്പെ (Kylian Mbappe) എന്നിവരെ മറികടന്നുകൊണ്ടാണ് 2023ലെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം ലയണല്‍ മെസി നേടിയെടുത്തത്. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് താരത്തിന്‍റെ പുരസ്‌കാര നേട്ടം.
ഇടവേളയ്‌ക്ക് ശേഷമുള്ള ബാലണ്‍ ദ്യോര്‍ നേട്ടം അര്‍ജന്‍റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയ്‌ക്ക് സമര്‍പ്പിക്കുന്നുവെന്ന് മെസി പറഞ്ഞു. 'ഈ ടൈറ്റിലും ട്രോഫിയും ഞാന്‍ നിങ്ങളുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നു'- എന്നായിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തില്‍ മെസി പറഞ്ഞത് (Lionel Messi Tribute To Diego Maradona). അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു (ഒക്‌ടോബര്‍ 30) ലയണല്‍ മെസി എട്ടാം ബാലണ്‍ ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.
കഴിഞ്ഞ പ്രാവശ്യം റയല്‍ മാഡ്രിഡിന്‍റെ ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സേമയായിരുന്നു (Karim Benzema) ബാലണ്‍ ദ്യോര്‍ പുരസ്കാരത്തിന് അര്‍ഹനായത്. അന്ന്, 30 താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍പ്പോലും ഇടം പിടിക്കാന്‍ മെസിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍, ലോകകപ്പിലും കഴിഞ്ഞ സീസണിലും നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് മെസിയെ വീണ്ടും ബാലണ്‍ ദ്യോര്‍ പുരസ്‌കാര നേട്ടത്തിലേക്ക് എത്തിച്ചത്.