പാരിസ് : കായികരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പാരിസിൽ നടന്ന ചടങ്ങിൽ അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ കായിക താരമായപ്പോള്‍, ജമൈക്കൻ വേഗ റാണി ഷെല്ലി ആൻഫ്രേസർ പ്രൈസി മികച്ച വനിത കായിക താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ പെനാൽറ്റിയിൽ പരാജയപ്പെടുത്തി കിരീടം ചൂടിയ അർജന്‍റീന ഫുട്ബോൾ ടീം, പോയവർഷത്തെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
ഇംഗ്ലണ്ട് വനിത ഫുട്ബോൾ ടീം, ഫ്രാൻസ് പുരുഷ റഗ്ബി ടീം, യുഎസിലെ ബാസ്‌കറ്റ്ബോൾ ടീം ഗോൾഡൻ സ്റ്റേറ്റ് വാരിയേഴ്‌സ്, സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡ്, ഓസ്ട്രിയൻ ടീമായ ഒറാകിൾ റെഡ്‌ബുൾ റേസിങ് എന്നിവയെ പിന്നിലാക്കിയാണ് അർജന്‍റീനയുടെ ഈ നേട്ടം.
കരിയറിൽ രണ്ടാം തവണയാണ് മെസി ഈ പുരസ്‌കാരത്തിന് അർഹനാകുന്നത്. 2020ൽ ബ്രിട്ടീഷ് ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടണിനൊപ്പം മെസി ലോറസ് പുരസ്‌കാരം പങ്കിട്ടിരുന്നു. 36 വർഷത്തെ കാത്തിരിപ്പിന് ശേഷം അർജന്‍റീനയുടെ കിരീടധാരണത്തിൽ മെസിയുടെ പങ്ക് വളരെ നിർണായകമായിരുന്നു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും നേടിയത് അർജന്‍റൈൻ നായകനായിരുന്നു.
മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഒരോയൊരു ഫുട്‌ബോൾ താരവും മെസി തന്നെയാണ്. ഫ്രാന്‍സ് ഫുട്‌ബോള്‍ താരം കിലിയന്‍ എംബപ്പെ, സ്‌പാനിഷ് ടെന്നിസ് ഇതിഹാസം റഫേല്‍ നദാല്‍, ഫോര്‍മുല വണ്‍ താരം മാക്‌സ് വെസ്റ്റാപ്പന്‍ എന്നിവരെ പിന്തള്ളിയാണ് മെസി ഇത്തവണ പുരസ്‌കാരം സ്വന്തമാക്കിയത്.
സ്‌പെയ്‌നിന്‍റെ കൗമാര ടെന്നിസ് താരം കാർലോസ് അൽകാരസ് ‘ബ്രേക്‌ത്രൂ ഓഫ് ദി ഇയർ’ പുരസ്‌കാരത്തിന് അർഹനായി. മാഞ്ചസ്‌റ്റർ യുണൈറ്റഡിന്‍റെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. പുരസ്‌കാരം സ്വീകരിച്ച ശേഷം മെസി അർജന്‍റീന താരങ്ങൾക്കും പിഎസ്‌ജിയിലെ സഹതാരങ്ങൾക്കുമാണ് നന്ദി പറഞ്ഞത്.
ലോറസ് വേള്‍ഡ് സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ വിത്ത് എ ഡിസബിലിറ്റി അവാര്‍ഡിന് സ്വിറ്റ്‌സര്‍ലൻഡിന്‍റെ പാരാലിമ്പ്യന്‍ അത്‌ലറ്റ് കാതറിൻ ഡിബ്രണ്ണർ അര്‍ഹരായി. ലോറസ് വേൾഡ് ആക്ഷൻ സ്‌പോർട്‌സ് ഓഫ് ദി ഇയർ അവാർഡ് ചൈനയുടെ എലീൻ ഗു സ്വന്തമാക്കി. ലോറസ് സ്‌പോര്‍ട്ട് ഫോര്‍ ഗുഡ് അവാര്‍ഡ് ബാഴ്‌സലോണയുടെ പോളിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌ക്കിക്കുമാണ് സമ്മാനിച്ചത്. ബാഴ്‌സലോണയുമായി ചേർന്ന് യുദ്ധത്തിന്‍റെ ഇരകളായ കുട്ടികൾക്കായി നടത്തിയ പരിപാടിയാണ് പുരസ്‌കാരത്തിനർഹനാക്കിയത്.
സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെഡററാണ് ഏറ്റവും കൂടുതൽ ഈ പുരസ്‌കാരം നേടിയിട്ടുള്ളത്. അഞ്ച് തവണ മികച്ച പുരുഷ താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയ ഫെഡറർ 2018ൽ മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. നാല് തവണ പുരസ്‌കാരം നേടിയിട്ടുള്ള അമേരിക്കൻ ടെന്നിസ് താരം സെറീന വില്യംസാണ് വനിത താരങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത്.