പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിക്ക് ഞെട്ടിക്കുന്ന തോൽവി. ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള നാന്‍റസിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫ്രഞ്ച് ചാമ്പ്യന്മാർ പരാജയം നേരിട്ടത്. കോളോ മൗനി, ക്വന്‍റലിൻ മെര്‍ലിന്‍, ലുഡോവിക് ബ്ലാസ് എന്നിവരാണ് നാന്‍റസിനായി ഗോളുകള്‍ നേടിയത്. 47-ാം മിനിറ്റില്‍ നെയ്‌മറാണ് പിഎസ്‌ജിയുടെ ആശ്വാസ ഗോൾ നേടിയത്.
മെസി, നെയ്‌മർ, എംബാപ്പെ ത്രയം ഒരുമിച്ചിറങ്ങിയിട്ടും പാരീസിന് ജയിക്കാനായില്ല. നാലു മാസത്തിനു ഇടയിൽ പാരീസ് സെയിന്‍റ് ജർമന്‍റെ ആദ്യ ലീഗ് തോൽവിയാണിത്.
നാലാം മിനിറ്റിൽ തന്നെ കോളോ മൗനി നാന്‍റസിനായി ഗോൾ നേടി. പതിനാറാം മിനിറ്റിൽ 19 കാരൻ ക്വന്‍റലിൻ മെര്‍ലിന്‍ അടിച്ച ഷോട്ട് പി.എസ്.ജി താരത്തിന്‍റെ ദേഹത്ത് തട്ടി ഗോൾ ആയതോടെ പിഎസ്‌ജി രണ്ടു ഗോളുകൾക്ക് പിറകിലായി. ആദ്യ പകുതിയുടെ അധികസമയത്ത് കിട്ടിയ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ലുഡോവിക് ബ്ലാസ് അവരുടെ ജയം ഉറപ്പിച്ചു.
ALSO READ:പ്രീമിയർ ലീഗ്: ലിവര്‍പൂളിന് തുടര്‍ച്ചയായ അഞ്ചാം ജയം, ചെല്‍സിയും വിജയവഴിയില്‍
രണ്ടാം പകുതിയുടെ തുടക്കത്തിൽ മെസിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ നെയ്‌മർ പാരീസിന് തിരിച്ചു വരവ് പ്രതീക്ഷകൾ നൽകി. എന്നാൽ 58-ാം മിനിറ്റിൽ എംബാപ്പെയെ വീഴ്‌ത്തിയതിനു ലഭിച്ച പെനാൽട്ടി നെയ്‌മർ പാഴാക്കി. ചാമ്പ്യൻസ് ലീഗിൽ ലയണൽ മെസി പെനാൽട്ടി പാഴാക്കിയതിന് പിന്നാലെ നെയ്‌മറും പെനാൽട്ടി നഷ്‌ടമാക്കിയത് പി.എസ്.ജിക്ക് തിരിച്ചടിയായി.