പാരീസ് :ഫ്രഞ്ച് ലീഗില്‍ രണ്ട് അസിസ്‌റ്റുമായി മെസി തിളങ്ങിയ മത്സരത്തില്‍ പിഎസ്‌ജിക്ക് ജയം. സെന്‍റ് എറ്റിയനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. 26 മത്സരങ്ങളിൽ നിന്നായി 62 പോയിന്‍റോടെ ലീഗിൽ ബഹുദൂരം മുന്നിലാണ് പിഎസ്‌ജി.
മത്സരത്തിന്‍റെ 16-ാം മിനിറ്റിൽ ഡെന്നിസ് നേടിയ ഗോളിൽ സെന്‍റ് എറ്റിയനാണ് കളിയിലാദ്യം മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ലയണൽ മെസിയുടെ ത്രൂ ബോളിൽ നിന്ന് കെലിയൻ എംബാപ്പെ പിഎസ്‌ജിയെ മത്സരത്തിൽ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പിഎസ്‌ജി മത്സരത്തിൽ ലീഡെടുത്തു. ഇത്തവണയും മെസിയുടെ മികച്ച പാസിൽ നിന്നാണ് എംബാപ്പെ രണ്ടാം ഗോൾ കണ്ടെത്തിയത്. ലീഗിൽ മെസിയുടെ പത്താം അസിസ്റ്റ് ആയിരുന്നു ഇത്. 52-ാംമിനിറ്റിൽ എംബാപ്പെയുടെ ക്രോസിൽ നിന്ന് ഹെഡറിലൂടെ ഡാനിലോ ആണ് പി.എസ്.ജിയുടെ ഗോൾ വേട്ട അവസാനിപ്പിച്ചത്.