ദോഹ: ലോകകപ്പ് ചരിത്രത്തിൽ മൂന്ന് തവണ മാത്രം യോഗ്യത നേടിയ സെനഗൽ രണ്ടാം തവണയാണ് അവസാന പതിനാറിൽ ഇടം നേടുന്നത്. 2002 ൽ ഏഷ്യൻ രാജ്യങ്ങളായ ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിച്ച ലോകകപ്പിലാണ് ചരിത്രത്തിൽ ആദ്യമായി സെനഗൽ യോഗ്യത നേടുന്നത്. അന്നത്തെ ലോക ചാമ്പ്യൻമാരായിരുന്ന ഫ്രാൻസിനെയടക്കം അട്ടിമറിച്ച് സ്വപ്‌നതുല്യ കുതിപ്പുമായി ക്വാർട്ടർ ഫൈനലിലെത്തിയ സെനഗലിന്‍റെ നായകൻ ആലിയോ സിസ്സെ ഇന്ന് പരിശീലകനായിട്ടാണ് ടീമിനെ നയിക്കുന്നത്...
അന്ന് വില്ലന്‍ ഇന്ന് ഹീറോ:2002 ആഫ്രിക്കൻ നേഷൻസ് കപ്പിലും ക്യാപ്റ്റൻ ആയി ടീമിനെ ഫൈനലിൽ എത്തിച്ചെങ്കിലും അന്ന് പെനാൽറ്റി പാഴാക്കി ആലിയോ സിസ്സെ വില്ലൻ ആയിരുന്നു. 2018 റഷ്യൻ ലോകകപ്പിലെ രണ്ട് ആഫ്രിക്കൻ കോച്ചുമാരിൽ ഒരാളായിരുന്നു ആലിയോ സിസ്സെ. ചരിത്രത്തിൽ ആദ്യമായി ‘ഫെയർ പ്ലെ’ നിയമപ്രകാരം ആണ് അന്ന് സെനഗൽ ലോകകപ്പിൽ നിന്നു പുറത്ത് പോയത്. ഹൃദയം കൊടുത്തു പോരാടിയിട്ടും, പോയിന്‍റ് നിലയിൽ ജപ്പാനുമായി ഒരുമിച്ചായിട്ടും, രണ്ട് മഞ്ഞ കാർഡിന്‍റെ കണക്കിൽ സെനഗലിന് ലോകകപ്പിൽ നിന്നും പുറത്തു പോവേണ്ടി വന്നു.
ഇത്തവണ ഖത്തറിൽ, സൂപ്പർ താരം സാദിയോ മാനെയുടെ അഭാവത്തിലും, കാലിദോ കൗലിബാലിയുടെ നേതൃത്വത്തിൽ സംഘടിതമായ, പ്രായോഗികമായ, കരുത്തുറ്റ ഫുട്ബോൾ കളിച്ചു സെനഗൽ വീരോചിതമായി അവസാന 16ലേക്ക്. ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ ഹോളണ്ടിനെ വിറപ്പിച്ച അവർ ഖത്തർ, ഇക്വഡോർ ടീമുകളെ തോൽപ്പിച്ചു ആണ് നോക്കൗട്ടിലെത്തുന്നത്.
സിസ്സെയുടെ പരിശീലന മികവില്‍ കുതിച്ച് സെനഗല്‍:17 വർഷങ്ങൾക്ക് ശേഷം 2019-ല്‍ സെനഗലിനെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിലെത്തിച്ചുകൊണ്ട് സിസ്സെ പരിശീലകക്കുപ്പായത്തിലെ തന്‍റെ മികവ് ലോകത്തിന് കാണിച്ചുകൊടുത്തു. അന്ന് ഫൈനലിൽ അൾജീരിയക്ക് മുന്നിൽ അവർ ഒരു ഗോളിന് വീണു. ഒരിക്കല്‍ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്‌ടമായ കിരീടം നേടിയെടുക്കാനായി സിസ്സെ സെനഗല്‍ ടീമില്‍ പ്രകടമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ലോകോത്തര താരങ്ങളായ സാദിയോ മാനെയും എഡ്വാര്‍ഡോ മെന്‍ഡിയും ഡിയാലോയും കലിദോ കൗലിബാലിയുമെല്ലാം സെനഗലിന്‍റെ ചാവേറുകളായി.
2021 ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സെനഗലിന്‍റെ പ്രകടനം കണ്ട ആരാധകര്‍ സിസെയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഈജിപ്‌റ്റിനെ പെനാൽറ്റിയിൽ മറികടന്നു ചരിത്രത്തിൽ ആദ്യമായി സെനഗലിനെ ആഫ്രിക്കൻ ഫുട്‌ബോളിന്‍റെ സിംഹാസനത്തിൽ വാഴിച്ച സിസെ അന്ന് തന്‍റെ പെനാൽട്ടി പാഴാക്കിയതിന് പ്രായശ്ചിത്തം ചെയ്‌തിരുന്നു.
2002-ല്‍ പ്രീ ക്വാര്‍ട്ടറില്‍ സ്വീഡനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍ അത്ഭുതമായി അവസാന എട്ടിലെത്തുമ്പോള്‍ ആ വിജയത്തില്‍ സിസെ വഹിച്ച പങ്ക് ചെറുതല്ല. എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തില്‍ ഹെൻറി കമാറയുടെ ഇരട്ട ഗോളുകള്‍ സെനഗലിനെ ക്വാര്‍ട്ടറിലേക്ക് നയിച്ചു. സെമി ഫൈനല്‍ സ്വപ്‌നം കണ്ട് ആ രാത്രി സിസ്സെയും കൂട്ടരും സുഖമായി ഉറങ്ങി. ക്വാര്‍ട്ടറില്‍ അത്ര ശക്‌തരൊന്നുമല്ലാത്ത തുര്‍ക്കിയായിരുന്നു സെനഗലിന്‍റെ എതിരാളി. എന്നാല്‍ വിജയപ്രതീക്ഷയുമായി കളിക്കാനെത്തിയ സെനഗലിനെ ഒരു ഗോളിന് വീഴ്ത്തിയ തുര്‍ക്കി കരുത്തുകാട്ടിയപ്പോള്‍ സിസ്സെയും കൂട്ടരും ഞെട്ടിത്തരിച്ചു നിന്നു. കണ്ണീരോടെ സെനഗല്‍ സംഘം ഗ്രൗണ്ട് വിട്ടു.
ആഫ്രിക്കൻ പരിശീലകർക്ക് തന്നെ വലിയ മാതൃക:7 വർഷമായി സെനഗലിന് തന്ത്രങ്ങൾ ഒരുക്കുന്ന സിസെ ആഫ്രിക്കൻ പരിശീലകർക്ക് തന്നെ വലിയ മാതൃകയാണ് സൃഷ്‌ടിക്കുന്നത്. പണത്തിന് പുറകേ പോവാതെ സ്വന്തം രാജ്യത്തിന്‍റെ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച വലിയൊരു മനസിനുടമയാണ് സിസെ. കരുത്തുറ്റ ഫുട്‌ബോളിന്‍റെ പ്രതീകമായ ഒരുപറ്റം താരങ്ങളുമായി ലോകകപ്പിനെത്തിയ ആലിയോ സിസ്സെയുടെ പോരാട്ടവീര്യത്തെ ചെറുത്ത് തോൽപ്പിക്കുക എന്നത് അത്ര എളുപ്പമായേക്കില്ല.. അതിമോഹമെന്ന് തോന്നുമെങ്കിലും മുൻപോട്ടുള്ള പ്രയാണത്തിൽ ഒരുനാൾ കാൽപന്തുകളിയുടെ അമൂല്യമായ കിരീടം അയാളെ തേടിയെത്തട്ടെ..