മാഡ്രിഡ്: ലാ ലിഗയില്‍ കരിം ബെന്‍സേമ, റോബര്‍ട്ട് ലെവന്‍ഡോസ്ക്കി എന്നിവരുടെ ഇരട്ടഗോള്‍ മികവില്‍ യഥാക്രമം റയലിനും, ബാഴ്‌സയ്‌ക്കും ജയം. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ലെവന്‍ഡോസ്‌കി രണ്ട് ഗോള്‍ നേടിയ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്‌സ വല്ലാഡോളിഡിനെ തകര്‍ത്തത്. എസ്‌പാന്യോളിനെതിരെ 3-1നായിരുന്നു റയല്‍ മാഡ്രിഡിന്‍റെ ജയം.
എസ്‌പാനിയോളിനെതിരെ 12-ാം മിനിട്ടില്‍ വിനിഷ്യസ് ജൂനിയറാണ് റയലിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് പൊരുതികളിച്ച എസ്‌പാന്യോള്‍ ആദ്യ പകുതി അവസാനിക്കും മുന്‍പ് തന്നെ സമനില പിടിച്ചു. 43-ാം മിനിട്ടില്‍ ജോസെലുവാണ് സമനില ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ കൃത്യമായി ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ ഇരു ടീമിനും സാധിച്ചില്ല. എന്നാല്‍ 88-ാം മിനിട്ടില്‍ റോഡ്രിഗോ നല്‍കിയ ക്രോസ് വലയിലെത്തിച്ച ബെന്‍സേമ ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമില്‍ ബോക്‌സിന് പുറത്തേക്കിറങ്ങി റയല്‍ അറ്റാക്ക് തടുക്കാന്‍ ശ്രമിക്കവെ ഡാനി സെബാലോസിനെ ഫൗള്‍ ചെയ്‌ത എസ്‌പാന്യോള്‍ ഗോള്‍ കീപ്പറിന് റെഡ് കാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് ലഭിച്ച ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ച് ബെന്‍സേമ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
വല്ലാഡോളിഡിനെതിരെ മത്സരത്തിന്‍റെ പൂര്‍ണ ആധിപത്യം ബാഴ്‌സയ്‌ക്കായിരുന്നു. 24-ാം മിനിട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. 43-ാം മിനിട്ടില്‍ പെഡ്രി ഗോള്‍ ബാഴ്‌സയുടെ ഗോള്‍ നില രണ്ടായി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 64-ാം മിനിട്ടില്‍ ലെവ രണ്ടാം ഗോള്‍ നേടി. 92-ാം മിനിട്ടില്‍ സെര്‍ജി റോബര്‍ട്ടോയാണ് നാലാം ഗോള്‍ നേടിയത്.