ലണ്ടൻ :ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തരംതാഴ്‌ത്തലിൽ നിന്ന് രക്ഷപ്പെട്ട് എവർടൺ. ലീഗിലെ അതിനിർണായകമായ അവസാന മത്സരത്തിൽ ബോൺമൗത്തിനെതിരെ 1-0 ന്‍റെ ജയത്തോടെയാണ് അടുത്ത സീസണിലും സ്ഥാനമുറപ്പിച്ചത്. ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ അബ്‌ദുലെയ് ഡൊകൗറെ നേടിയ ഗോളാണ് 69 വർഷത്തിന് ശേഷമുള്ള ആദ്യ തരംതാഴ്‌ത്തലിൽ നിന്ന് എവർടണിന് രക്ഷയായത്.
അതേസമയം വെസ്റ്റ്ഹാം യുണൈറ്റഡിനെതിരായ മത്സരത്തിൽ ജയം നേടിയെങ്കിലും ലെസ്റ്റർ സിറ്റിയും ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്‌ത്തപ്പെട്ടു. സ്വന്തം തട്ടകത്തിൽ ടോട്ടൻഹാം ഹോട്‌സ്‌പറിനോട് 4-1ന് പരാജയപ്പെട്ട ലീഡ്‌സ് യുണൈറ്റഡ് ഇംഗ്ലീഷ് രണ്ടാം ഡിവിഷനിൽ ലെസ്റ്റർ സിറ്റിക്കൊപ്പം ചേരും. മൂന്ന് വർഷത്തിന് ശേഷമാണ് ലീഡ്‌സിന്‍റെ ചാമ്പ്യൻഷിപ്പിലേക്കുള്ള മടക്കം. ലീഗിൽ അവസാന സ്ഥാനക്കാരായ സതാംപ്‌ടൺ നേരത്തെതന്നെ തരംതാഴ്ത്തൽ ഉറപ്പിച്ചിരുന്നു.
പ്രീമിയർ ലീഗിൽ സ്ഥാനമുറപ്പിക്കാൻ ഗുഡിസൺ പാർക്കിലെ മത്സരത്തിൽ ജയം മാത്രം ലക്ഷ്യമിട്ടാണ് എവർടൺ ഇറങ്ങിയത്. ആദ്യ പകുതിയിൽ തന്നെ എതിർ ഗോൾമുഖത്തേക്ക് നിരന്തരമായി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും മത്സരത്തിന്‍റെ 57-ാം മിനിറ്റിലാണ് ഡൊകൗറെ എവർടണിന്‍റെ നിർണായക ഗോൾ നേടിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ ബോൺമൗത്ത് കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും എവർടൺ പ്രതിരോധം ഫലപ്രദമായി തടഞ്ഞു. കളി തീരാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കെ മാറ്റിയാസ് വിനയ്ക്ക് സമനില നേടാനുള്ള അവസരം ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ് രക്ഷപ്പെടുത്തിയതോടെയാണ് എവർടൺ ആരാധകരുടെ ശ്വാസം തിരികെ കിട്ടിയത്. 38 മത്സരങ്ങളിൽ നിന്ന് 36 പോയിന്‍റോടെയാണ് എവർടൺ സ്ഥാനമുറപ്പിച്ചത്.
ലെസ്റ്റർ സിറ്റി ലേറ്റായി ; ലീഗിലെ അവസാന മത്സരത്തിൽ വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയെങ്കിലും മുൻ ചാമ്പ്യൻമാർക്ക് പ്രീമിയർ ലീഗിൽ തുടരാൻ അത് മതിയാകില്ലായിരുന്നു. കാരണം അവസാന 17 മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രമാണ് നേടാനായത്. കിങ് പവർ സ്റ്റേഡിയത്തിൽ ആദ്യ ഒരു മണിക്കൂറിൽ രണ്ട് ഗോളുകളുടെ ലീഡ് നേടിയെങ്കിലും എവർടണിന്റെ മത്സരഫലം ആശ്രയിച്ചായിരുന്നു ലെസ്റ്ററിന് പ്രീമിയർ ലീഗ് സ്ഥാനം ഉറപ്പാക്കാനാകുമായിരുന്നത്. എന്നാൽ എവർടൺ ജയം നേടിയതോടെ ലെസ്റ്ററിന്‍റെ നേരിയ പ്രതീക്ഷ അസ്‌തമിച്ചു. 2014-ൽ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും 2016-ൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന് കിരീടം നേടുകയും ചെയ്ത ലെസ്റ്റർ എവർട്ടണേക്കാൾ രണ്ട് പോയിന്റ് പിന്നിലായി 34 പോയിന്റുമായി 18-ാം സ്ഥാനത്താണ് സീസൺ പൂർത്തിയാക്കിയത്.