ബാഴ്‌സലോണ : ബ്രസീലിയന്‍ താരം റാഫീന്യ ഇനി സ്‌പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയിൽ കളിക്കും. 65 മില്യണ്‍ യൂറോ (ഏകദേശം 535 കോടി രൂപ) നല്‍കിയാണ് ലീഡ്‌സ് യുണൈറ്റഡിൽ നിന്ന് താരത്തെ ന്യൂകാമ്പിലെത്തിക്കുന്നത്. 58 മില്യണ്‍ ട്രാന്‍സ്‌ഫര്‍ തുകയായും 7 മില്യണ്‍ ആഡ് ഓണുമുൾപ്പടെയാണ് ആകെ തുക.
വൈദ്യപരിശോധനയ്ക്ക് ശേഷം ക്ലബ് റാഫീന്യയെ സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടു. അഞ്ചുവര്‍ഷത്തെ കരാറിലാണ് റാഫീന്യ ബാഴ്‌സലോണയിലെത്തുന്നത്. സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ വെല്ലുവിളി മറികടന്നാണ് ബാഴ്‌സ റാഫീന്യയെ സ്വന്തമാക്കിയത്. ചെല്‍സിയെ കൂടാതെ ആഴ്‌സനല്‍, ടോട്ടൻഹാം എന്നിവരാണ് റഫീന്യയെ നോട്ടമിട്ടിരുന്നത്. സ്പാനിഷ് ക്ലബ് ബാഴ്‌സലോണ ആദ്യം മുതല്‍ റഫീന്യയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
ലീഡ്‌സിനായി 65 മത്സരങ്ങളില്‍ പന്തുതട്ടിയ റാഫീന്യ 17 ഗോളുകള്‍ നേടിയിട്ടുണ്ട്. ബ്രസീലിനായി ഒന്‍പത് മത്സരങ്ങള്‍ കളിച്ച താരം മൂന്ന് ഗോളുകളും സ്വന്തമാക്കി. അതിവേഗത്തിലുള്ള നീക്കങ്ങളാണ് റാഫീന്യയുടെ പ്രത്യേകത. 25-കാരനായ റഫീന്യ കഴിഞ്ഞ സീസണില്‍ 11 ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.