ഡല്ലാസ്: അര്‍ജന്‍റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇരട്ട ഗോള്‍ മികവില്‍ ലീഗ്‌സ് കപ്പ് ഫുട്‌ബോളിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ഇന്‍റര്‍ മയാമി. വാശീയേറിയ പ്രീ ക്വാര്‍ട്ടറില്‍ ഡല്ലാസ് എഫ്‌സിയെ പെനാല്‍റ്റി ഷൂട്ടൗലാണ് ഇന്‍റര്‍ മയാമി കീഴടക്കിയത്. നിശ്ചിത സമയത്ത് മത്സരം 4-4ന് സമനിലയിലായതോടെയാണ് കളി പെനാല്‍റ്റിയിലേക്ക് നീണ്ടത്.
മത്സരത്തില്‍ ആദ്യം മുന്നിലെത്തിയെങ്കിലും 4-2 എന്ന സ്‌കോറിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്‍റര്‍ മയാമിയുടെ അതിഗംഭീര തിരിച്ച് വരവ്. മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കെ മെസി നേടിയ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളോടെയാണ് ഡല്ലാസിന് ഒപ്പമെത്താന്‍ മയാമിക്ക് കഴിഞ്ഞത്. ഷൂട്ടൗട്ടില്‍ 3-5 എന്ന സ്‌കോറിനാണ് ഇന്‍റര്‍ മയാമി ഡല്ലാസിനെ മറികടന്നത്. മെസി, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവര്‍ ഉള്‍പ്പെടെ മയാമിക്കായി കിക്കെടുത്ത അഞ്ച് താരങ്ങളും ലക്ഷ്യം കണ്ടപ്പോള്‍ ഡല്ലാസിന്‍റെ രണ്ടാം കിക്കെടുത്ത താരത്തിന് പിഴയ്‌ക്കുകയായിരുന്നു.
ഡല്ലാസിന്‍റെ തട്ടകമായ ടയോട്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറാം മിനിട്ടില്‍ തന്നെ ലയണല്‍ മെസി ഇന്‍റര്‍ മയാമിക്കായി ലക്ഷ്യം കണ്ടിരുന്നു. ജോര്‍ഡി ആല്‍ബയായിരുന്നു വഴിയൊരുക്കിയത്. ആല്‍ബയുടെ പുള്‍ ബാക്ക് പാസില്‍ ഒരു ക്ലിനിക്കല്‍ ഫിനിഷ് നടത്തുകയായിരുന്നു മെസി. റഫറി ആദ്യം ഓഫ് സൈഡ് വിളിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയ്‌ക്ക് ശേഷം ഗോള്‍ അനുവദിക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് മൂന്ന് ഗോളുകള്‍ ഗോള്‍ ഡല്ലാസ് മയാമിയുടെ വലയിലേക്ക് കയറ്റി. 37-ാം മിനിട്ടില്‍ ഫാകുണ്ടോ ക്വിഗ്നോന്‍, 45-ാം മിനിട്ടില്‍ ബെര്‍ണാര്‍ഡ് കമുംഗോ, 63-ാം മിനിട്ടില്‍ അലന്‍ വെലാസ്‌കോ എന്നിവരാണ് ഡല്ലാസിനായി ഗോളടിച്ചത്. രണ്ട് മിനിട്ടികള്‍ക്കപ്പുറം ബെഞ്ചമിന്‍ ക്രമാഷിയിലൂടെ ഒരു ഗോള്‍ മടക്കാന്‍ കഴിഞ്ഞത് മയാമിക്ക് ആശ്വാസമായി.
ഇതോടെ സ്‌കോര്‍ സ്‌കോര്‍ 3-2 നിലയിലേക്ക് എത്തി. എന്നാല്‍ 68-ാം മിനിട്ടില്‍ മയാമി താരം റോബര്‍ട്ട് ടെയ്‌ലര്‍ സെല്‍ഫ് ഗോളടിച്ചതോടെ ഡല്ലാസ് വീണ്ടും രണ്ട് ഗോളുകള്‍ക്ക് (4-2) മുന്നിലെത്തി. പിന്നീട് 80-ാം മിനിട്ടില്‍ ഡല്ലാസ് താരം മാര്‍കോ ഫര്‍ഫാന്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ലീഡ് കുറയ്‌ക്കാന്‍ (4-3) മയാമിക്ക് കഴിഞ്ഞു. മെസി ബോക്‌സിലേക്കടിച്ച ഫ്രീകിക്ക് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള ഫര്‍ഫാന്‍റെ ശ്രമം സ്വന്തം പോസ്റ്റില്‍ ഗോളായി മാറുകയായിരുന്നു.
തുടര്‍ന്ന് 85-ാം മിനിട്ടില്‍ തന്‍റെ രണ്ടാം ഗോള്‍ നേടിയ മെസി മയാമിക്ക് സമനിലയും ഉറപ്പിച്ചു. പോസ്റ്റിന് 20 വാര അകലെ നിന്നുള്ള മെസിയുടെ ഒരു തകര്‍പ്പന്‍ കിക്ക് പോസ്റ്റിന്‍റെ ടോപ് കോര്‍ണറിലേക്ക് പറന്നിറങ്ങുകയായിരുന്നു. മയാമിക്കായുള്ള നാല് മത്സരങ്ങളില്‍ നിന്നും മെസിയുടെ ഏഴാം ഗോള്‍ കൂടിയാണിത്. യുഎസിലെ മേജർ ലീഗ് സോക്കറിലേയും മെക്‌സിക്കോയിലെ ലിഗ എംഎക്‌സ് എന്നിവയിൽ നിന്നുള്ള ക്ലബുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ടൂര്‍ണമെന്‍റാണ് ലീഗ്‌സ് കപ്പ്. മത്സരം നിശ്ചിത സമയത്ത് സമനിലയിലാവുകയാണെങ്കില്‍ അധിക സമയം അനുവദിക്കാത്തതാണ് ടൂര്‍ണമെന്‍റിന്‍റെ രീതി.
ALSO READ: Video | ഒർലാൻഡോ താരങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചു; നിയന്ത്രണം നഷ്‌ടപ്പെട്ട് ലയണല്‍ മെസി, ടണലില്‍ വാക്കേറ്റം