റോം : സിരി എ ക്ലബ് ലാസിയോ താരം സിറൊ ഇമ്മൊബൈലിന് കാറപകടത്തിൽ പരിക്ക്. ഞായറാഴ്‌ച രാവിലെ കുടുംബവുമായി യാത്ര ചെയ്യുന്നതിനിടെ ട്രാമുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലാസിയോയുടെ ഹോം ഗ്രൗണ്ടായ സ്‌റ്റേഡിയോ ഒളിമ്പിക്കോയുടെ സമീപത്ത് നടന്ന അപകടത്തിൽ നിസാര പരിക്കുകളോടെ ഇമ്മൊബൈലിനേയും രണ്ട് പെൺമക്കളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ലാസിയോ നായകൻ സഞ്ചരിച്ച ലാൻഡ് റോവർ എസ്‌യുവിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 'റെഡ് സിഗ്‌നലിൽ ട്രാം ഓടിയതാണ് അപകടത്തിന് കാരണം. എന്‍റെ കൈയ്‌ക്ക് ചെറിയ വേദനയുണ്ട്, ഭാഗ്യവശാൽ ഞാൻ സുഖമായിരിക്കുന്നു'. - ഇമ്മൊബൈല്‍ മാധ്യമങ്ങളോട് പറഞ്ഞു. ലാസിയോ താരത്തിനും മക്കൾക്കും പുറമെ മറ്റൊരാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.