ലണ്ടന്‍: 24 വർഷം നീണ്ട ഐതിഹാസിക ടെന്നിസ് കരിയറിനാണ് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറർ വിരാമമിട്ടത്. ലേവർ കപ്പിൽ ടീം യൂറോപ്പിനായാണ് ഫെഡറര്‍ തന്‍റെ വിടവാങ്ങൽ മത്സരം കളിച്ചത്. സ്‌പാനിഷ് താരം റാഫേൽ നദാലിനൊപ്പം ഡബിൾസ് മത്സരത്തിനായിരുന്നു 41കാരനായ ഫെഡറര്‍ ഇറങ്ങിയത്.
പ്രൊഫഷണല്‍ കരിയറിലെ അവസാന മത്സരത്തില്‍ തോല്‍വിയോടെ മടങ്ങാനായിരുന്നു ഫെഡററുടെ വിധി. അമേരിക്കയുടെ ജാക്ക് സ്റ്റോക്ക്-ഫ്രാൻസിസ് തിയാഫോ സഖ്യമാണ് ഇതിഹാസ ജോഡിയെ തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് അമേരിക്കന്‍ താരങ്ങള്‍ മത്സരം പിടിച്ചത്.
മത്സരത്തിന് ശേഷമുള്ള വിടവാങ്ങല്‍ പ്രസംഗത്തിൽ നിറകണ്ണുകളോടെയാണ് ഫെഡറര്‍ ആരാധകരോട് നന്ദി പറഞ്ഞത്. വികാരങ്ങള്‍ നിയന്ത്രിക്കാനാവാതെ താരം പൊട്ടിക്കരഞ്ഞത് സ്റ്റേഡിയത്തിലുണ്ടായിരുന്ന റാഫേൽ നദാല്‍ അടക്കമുള്ള മുഴുവൻ പേരെയും കണ്ണീരിലാഴ്‌ത്തി. കോര്‍ട്ടിലെ എക്കാലത്തേയും പ്രധാന എതിരാളികളായിരുന്നു നദാലും ഫെഡററും.