സെവിയ്യ: കായികരംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫോര്‍മുല വണ്‍ ജേതാവ് മാക്‌സ് വെസ്‌റ്റാപ്പന്‍ ഏറ്റവും മികച്ച പുരുഷ കായിക താരമായപ്പോള്‍, ജമൈക്കൻ വേഗ റാണി എലൈന്‍ തോംപ്‌സണാണ് മികച്ച വനിതാ കായിക താരം. 2020 യൂറോ കപ്പ് വിജയികളായ ഇറ്റാലിയന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനാണ് ലോകത്തിലെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരം.
ഇതിഹാസ സ്‌കീയറായ ലിന്‍ഡ്‌സെ വോണിന്‍റെ സാന്നിധ്യമായിരുന്നു 22 ആമത് ലോറസ് പുരസ്‌കാര പ്രഖ്യാപന ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം. സ്‌പാനിഷ് നഗരമായ സെവിയ്യയിൽ നടന്ന വെര്‍ച്വല്‍ ചടങ്ങിലായിരുന്നു ലോകമെമ്പാടുമുള്ള ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട ലിന്‍ഡ്‌സെ വോണിന്‍റെ അവാര്‍ഡ് പ്രഖ്യാപനം.
കഴിഞ്ഞ വര്‍ഷം വെസ്‌റ്റാപ്പന്‍ കരിയറിലെ ആദ്യ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിരുന്നു. പത്ത് ഗ്രാൻഡ് പ്രീ വിജയങ്ങളും റെക്കോഡ് 18 പോഡിയം ഫിനിഷുകളുമടയ്ക്കമാണ് 24 കാരനായ ബെല്‍ജിയന്‍ – ഡച്ച് താരം ജേതാവായത്. ആവേശകരമായ അബുദാബി ഗ്രാൻഡ് പ്രിയുടെ അവസാന ലാപ്പിൽ ലുയിസ് ഹാമിൽട്ടനെയാണ് മറികടന്നത്. വനിതകളുടെ 100 മീറ്റർ, 200 മീറ്റർ വിഭാഗത്തിൽ ഒളിമ്പിക്‌സ് സ്വർണം നിലനിർത്തുന്ന ആദ്യ വനിതയാണ് ജമൈക്കൻ അത്ലെറ്റായ എലെയ്ൻ തോംസൺ.100 മീറ്റർ ഫൈനലിൽ ഒളിമ്പിക് റെക്കോഡും സ്വന്തമാക്കിയിരുന്നു എലെയ്ൻ.
ലോറസ് വേള്‍ഡ് ബ്രേക്ക് ത്രൂ ഓഫ് ദി ഇയര്‍ അവാര്‍ഡ് ബ്രിട്ടീഷ് വനിതാ ടെന്നീസ് താരം എമ്മ റഡുക്കാനുവിനാണ്. ലോറസ് വേള്‍ഡ് കംബാക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡിന് ബ്രിട്ടീഷ് – ജാപ്പനീസ് സ്‌കെയ്റ്റ് ബോര്‍ഡര്‍ സ്‌കൈ ബ്രൌണും , ലോറസ് വേള്‍ഡ് സ്‌പോര്‍ട്ട്‌സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ വിത്ത് എ ഡിസബിലിറ്റി അവാര്‍ഡിന് സ്വിറ്റ്‌സര്‍ലണ്ടിന്‍റെ പാരാലിമ്പ്യന്‍ അത്‌ലറ്റ് മാര്‍സെല്‍ ഹഗും അര്‍ഹരായി.
ബ്രിട്ടീഷ് സൈക്ലിസ്റ്റും ഒളിമ്പിക്‌സ് ഹീറോയുമായ ബെഥാനി ഷ്രീവറിനാണ് ലോറസ് വേള്‍ഡ് ആക്ഷന്‍ സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. ലോറസ് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ് എന്‍.എഫ്.എല്ലിലെ അമേരിക്കന്‍ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ബാക്ക് ടോം ബ്രാഡിക്കും, ലോറസ് അക്കാഡമി എക്‌സെപ്ഷണല്‍ അച്ചീവ്‌മെന്‍റ് അവാര്‍ഡ് ബയണ്‍ മ്യൂണിക്കിന്‍റെ പോളിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌ക്കിക്കുമാണ്. ലോറസ് സ്‌പോര്‍ട്ടിംഗ് ഐക്കണ്‍ അവാര്‍ഡിന് ഇറ്റാലിയന്‍ മോട്ടോര്‍ സൈക്കിള്‍ റേസര്‍ വാലന്‍റിനോ റോസിയാണ് അർഹനായത്.
ലോറസ് സ്‌പോര്‍ട്ട് ഫോര്‍ ഗുഡ് അവാര്‍ഡ് ചിക്കാഗോയിലെ ഇല്ലിനോയി കേന്ദ്രമായ ലോസ്റ്റ് ബോയ്‌സിനാണ്. ലോറസ് സ്‌പോര്‍ട്ട് ഫോര്‍ ഗുഡ് സൊസൈറ്റി അവാര്‍ഡ് റയല്‍ മാഡ്രിഡ് ഫൗണ്ടേഷനും ലോറസ് അത്‌ലറ്റ് അഡ്വക്കറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ജെറാള്‍ഡ് അസമോവയും ബ്ലാക്ക് ഈഗിൾസ് ടീമും പങ്കുവെച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകള്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ നിന്നും ലോറസ് വേള്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ 69 അംഗങ്ങള്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്.