ക്യാമ്പ്നൗവിലെ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി പതിനഞ്ച് വയസിൽ ബാഴ്‌സലോണ പോലെയൊരു വമ്പൻ ക്ലബിന്‍റെ സീനിയർ ടീമിനായി അരങ്ങേറുന്നത് ആലോചിച്ച് നോക്കു.. പല യുവതാരങ്ങളും ഇത്തരത്തിലുള്ള വലിയ സ്വപ്‌നങ്ങൾ മനസിൽ കൊണ്ടുനടക്കുന്നവരാണ്. എന്നാൽ തന്‍റെ 15-ാം വയസിൽ ബാഴ്‌സലോണ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തി ചരിത്രം രചിച്ചിരിക്കുകയാണ് മോറോക്കന്‍ വംശജനായ ലാമിൻ യമാൽ.
ലാലിഗയിൽ റയൽ ബെറ്റിസിനെ 4-0 ന് തോൽപിച്ച മത്സരത്തിൽ കളത്തിലിറങ്ങിയ യാമിൽ ഒരു നൂറ്റാണ്ടിന് ഇടയില്‍ ബാഴ്‌സക്ക് വേണ്ടി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. മത്സരത്തിന്‍റെ 84-ാം മിനിട്ടിൽ യുവതാരം ഗവിയെ പിൻവലിച്ചാണ് പരിശീലകൻ സാവി ലാമിൻ യമാലിന് അവസരം നൽകിയത്.
ബാഴ്‌സയുടെ ഭാവി താരം എന്ന വിലയിരുത്തലുകള്‍ തെറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ലാമിന്‍ യമാൽ കളംവിട്ടത്. മത്സരത്തിലാകെ 11 മിനിട്ട് മാത്രം കളിച്ച യമാലിന് ഗോൾ നേടാനുള്ള ഒരു അവസരം ഉൾപ്പെടെ ലഭിച്ചിരുന്നു. കളിയുടെ അവസാന നിമിഷത്തിൽ യമാൽ നൽകിയ പാസിൽ നിന്നും ഒസ്‌മാൻ ഡെംബലെ ഗോളിനടുത്ത് എത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ആദ്യ മത്സരത്തില്‍ 12 ടച്ചുകളാണ് ലാമിൻ യമാനിൽ നിന്ന് വന്നത്.
ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മാസിയയിൽ കളിപഠിച്ച യമാൽ, ജൂനിയർ ടീമിനായി നടത്തിയ മികച്ച പ്രകടനമാണ് സീനിയർ ടീമിലെ അരങ്ങേറ്റത്തിന് വഴിയൊരുക്കിയത്. നേരത്തെ അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിലും യമാലിനെ ടീമിലുൾപ്പെടുത്തിയിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല.