എസ്‌പാന്യോള്‍: സ്‌പാനിഷ് ലാ ലിഗയിലെ നിര്‍ണായക മത്സരത്തില്‍ എസ്‌പാന്യോളിനെ കീഴടക്കി കിരീടം ഉറപ്പിക്കാന്‍ ബാഴ്‌സലോണ എഫ്‌സിക്ക് കഴിഞ്ഞിരുന്നു. എസ്‌പാന്യോളിന്‍റെ തട്ടകത്തില്‍ വച്ചു നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വിജയം നേടിയാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. ബാഴ്‌സയ്‌ക്കായി സൂപ്പര്‍ താരം റോബർട്ട് ലെവൻഡോവ്സ്‌കി ഇരട്ട ഗോളടിച്ചപ്പോള്‍ അലെയാൺഡ്രോ ബാൾഡെ, യൂൾസ് കുൺഡെ എന്നിവരും വലകുലുക്കി.
ജാവി പുവാഡോ, ജോസെലു എന്നിവരാണ് എസ്‌പാന്യോളിനായി ഗോള്‍ മടക്കിയത്. എസ്‌പാന്യോളിനെതിരായ വിജയത്തോടെ നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ 14 പോയിന്‍റ് ലീഡെടുത്താണ് ബാഴ്‌സ കിരീടം നേടിയത്. ബാഴ്‌സയുടെ 27-ാമത്തേയും 2018-2019 സീസണിന് ശേഷമുള്ള ആദ്യ ലാ ലിഗ കിരീടം കൂടിയാണിത്.
ഒരു ഇടവേളയ്‌ക്ക് ശേഷമുള്ള ടീമിന്‍റെ കിരീട നേട്ടം എസ്‌പാന്യോളിന്‍റെ മൈതാനത്ത് വച്ച് തന്നെ ബാഴ്‌സ താരങ്ങള്‍ ആഘോഷമാക്കിയിരുന്നു. തുള്ളിച്ചാടിയും നൃത്തം ചെയ്‌തുമെല്ലാമായിരുന്നു കറ്റാലന്മാരുടെ ആഘോഷം. എന്നാല്‍ എസ്‌പാന്യോള്‍ ആരാധകര്‍ക്ക് ഇതത്ര രസിച്ചിരുന്നില്ല. രോഷാകുലരായ എസ്‌പാന്യോള്‍ ആരാധകര്‍ ഗാലറിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയതോടെ ബാഴ്‌സ താരങ്ങള്‍ ജീവനും കൊണ്ടോടിവന്നു.
സുരക്ഷ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഇടപെട്ടതാണ് ബാഴ്‌സ താരങ്ങള്‍ക്ക് തുണയായത്. പിരിഞ്ഞ് പോകും മുമ്പ് സ്റ്റേഡിയത്തിലെ കസേരകളും മറ്റ് വസ്‌തുക്കളും എസ്‌പാന്യോള്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് എടുത്തെറിഞ്ഞിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേസമയം എസ്‌പാന്യോളിനെതിരായ വിജയത്തോടെ ബാഴ്‌സയ്‌ക്ക് 34 മത്സരങ്ങളിൽ നിന്നും 85 പോയാണുള്ളത്. രണ്ടാം സ്ഥാനക്കാരനായ റയൽ മാഡ്രിഡിനാവട്ടെ ഇത്രയും മത്സരങ്ങളില്‍ നിന്ന് 71 പോയിന്‍റും. ശേഷിക്കുന്ന നാല് മത്സരങ്ങള്‍ വിജയിച്ചാലും റയലിന് 83 പോയിന്‍റിലേക്കെ എത്താന്‍ കഴിയു.