ബെര്‍മിങ്ഹാം : ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്‌മിന്‍റൺ ടൂർണമെന്‍റില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിന്‍റെ അവിശ്വസനീയ കുതിപ്പ് വെള്ളിയിലവസാനിച്ചു. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിക്‌ടർ അക്‌സെല്‍സനോടാണ് ലക്ഷ്യ കീഴടങ്ങിയത്.
ബാർക്ലേകാർഡ് അരീനയിൽ 53 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലക്ഷ്യയുടെ തോല്‍വി. സ്‌കോര്‍: 10-21 15-21. ചാമ്പ്യന്‍ഷിപ്പില്‍ അക്‌സെല്‍സണിന്‍റെ രണ്ടാം സിംഗിള്‍സ് കിരീടമാണിത്. നേരത്തെ 2020ലും ഡെന്മാര്‍ക്ക് താരം കിരീടം ഉയര്‍ത്തിയിരുന്നു.
സെമിഫൈനലില്‍ നിലവിലെ ചാമ്പ്യനായ മലേഷ്യയുടെ ലീ സി ജിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ താരം ഫൈനലിലെത്തിയത്. ഒരു മണിക്കൂറും പതിനാറ് മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് 20കാരനായ ലക്ഷ്യ ജയിച്ച് കയറിയത്. സ്‌കോര്‍: 21-13 12-21 21-19.
also read:സാവിയുടെ ചിറകിലേറി ബാഴ്‌സയ്‌ക്ക് അവിശ്വസനീയ കുതിപ്പ്
അതേസമയം ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് 20കാരനായ ലക്ഷ്യ. മുന്‍പ് സൈന നെഹ്‌വാള്‍ (2015) പുല്ലേല ഗോപിചന്ദ് (2001), പ്രകാശ് പദുകോണ്‍ (1980,1981), പ്രകാശ് നാഥ് (1947) എന്നിവരാണ് ഓൾ ഇംഗ്ലണ്ട് ഓപ്പണിന്‍റെ ഫൈനലിലെത്തിയത്. ഇതില്‍ പുല്ലേല ഗോപിചന്ദ് (2001), പ്രകാശ് പദുകോണ്‍ (1980) എന്നിവര്‍ കിരീടം ചൂടിയിരുന്നു.