ന്യൂഡല്‍ഹി:ഖേലോ ഇന്ത്യയുടെ ഭാഗമായുള്ള പ്രഥമ ശീതകാല ഗെയിംസിന് കശ്‌മീർ താഴ്‌വരയില്‍ തുടക്കമാകുന്നു. ലഡാക്കില്‍ ഫെബ്രുവരി മൂന്നാം വാരവും കശ്‌മീരില്‍ മാർച്ച് ആദ്യ വാരവും മത്സരങ്ങൾ നടക്കും. വിവിധ ഇനങ്ങളിലായി 1700-ഓളം അത്‌ലറ്റുകൾ പങ്കെടുക്കും. ശീതകാല മത്സരങ്ങളുടെ പ്രചാരണാർഥമാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. ഗെയിംസിന്‍റെ ഭാഗമായി ഐസ് ഹോക്കി, സ്‌കേറ്റിങ് തുടങ്ങിയ ഇനങ്ങൾ സംഘടിപ്പിക്കും. ആണ്‍, പെണ്‍ വിഭാഗങ്ങളിലായി നാല് പ്രായപരിധിയിലാണ് മത്സരങ്ങൾ നടക്കുക.
പ്രഥമ ഖേലോ ഇന്ത്യ ശീതകാല ഗെയിംസിന് ഈ മാസം തുടക്കം
കാലക്രമേണ ശീതകാല ഗെയിംസില്‍ ഇന്ത്യയില്‍ നിന്നും ചാമ്പ്യന്‍മാരെ സൃഷ്‌ടിക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്‌ജു പ്രകടിപ്പിച്ചു
19 വയസ് മുതല്‍ 21 വയസ് വരെ ഉള്ളവരും 17 വയസ് മുതല്‍ 18 വയസുവരെ ഉള്ളവരും 15 വയസ് മുതല്‍ 16 വയസ് വരെ ഉള്ളവരും 13 വയസ് മുതല്‍ 14 വയസ് വരെ ഉള്ളവരും ഉൾപ്പെടുന്ന കാറ്റഗറികളാണ് മത്സരം നടക്കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 15 ടീമുകൾ ഗെയിംസിന്‍റെ ഭാഗമാകും.
അതേസമയം കാലക്രമേണ ഇന്ത്യയില്‍ ശീതകാല ഗെയിംസില്‍ ചാമ്പ്യന്‍മാരെ സൃഷ്‌ടിക്കാന്‍ സാധിച്ചേക്കുമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്‌ജു പറഞ്ഞു. മറ്റൊരു ഖെലോ ഇന്ത്യ ഗെയിംസിന് കൂടി തുടക്കം കുറിച്ചതിൽ സന്തോഷമുണ്ട്. ഒരു വർഷത്തിനുള്ളിൽ ഇത് മൂന്നാമത്തെ ഖേലോ ഇന്ത്യ ഗെയിംസ് ആണ്. കൂടാതെ തദ്ദേശീയമായ മത്സരങ്ങൾക്കായി ഒരു ഖേലോ ഇന്ത്യ ഗെയിംസ് സംഘടിപ്പിക്കാൻ പദ്ധതിയിടുന്നതായും കിരണ്‍ റിജ്‌ജു പറഞ്ഞു.