മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗയില്‍ റയൽ വല്ലഡോലിഡിനെതിരെ വിജയം പിടിച്ച് റയല്‍ മാഡ്രിഡ്. ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞതിന് പിന്നാലെ ദേശീയ കുപ്പായം അഴിച്ച സൂപ്പർ സ്ട്രൈക്കര്‍ കരീം ബെൻസേമയുടെ ഇരട്ട ഗോളുകളാണ് റയലിന് തുണയായത്. ഖത്തറിൽ നടന്ന ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പരിശീലനത്തിനിടെ തുടയ്ക്ക് പരിക്കേറ്റതിനാൽ താരത്തിന് കളിക്കാനായിരുന്നില്ല.
വല്ലഡോലിഡിന്‍റെ ഹോംഹ്രൗണ്ടായ ജോസ് സൊറില്ലയിൽ നടന്ന മത്സരത്തിന്‍റെ അവസാന ഏഴ് മിനിട്ടിനുള്ളിലായിരുന്നു റയലിന്‍റെ പട്ടികയിലെ രണ്ട് ഗോളുകളും പിറന്നത്. ഇതിന് മുന്നെ റയൽ ആക്രമണത്തെ അസാമാന്യ പ്രതിരോധമൊരുക്കി പിടിച്ച് കെട്ടിയ വല്ലഡോലിഡിന് ഗോൾകീപ്പർ ജോർദി മാസിപിന്‍റെ മിന്നും സേവുകളും തുണയായി.
എന്നാല്‍ 82-ാം മിനിട്ടില്‍ സെർജിയോ ലിയോൺ ചുവപ്പുകാർഡ് കണ്ട് പുറത്തായത് ആതിഥേയര്‍ക്ക് തിരിച്ചടിയായി. തൊട്ടടുത്ത മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്. ബോക്‌സിൽ വല്ലഡോലിഡിന്‍റെ ജാവി സാഞ്ചെസിന്‍റെ ഹാൻഡ്‌ബോൾ അസിസ്റ്റന്‍റ് റഫറി വാറിൽ കണ്ടെത്തിയാണ് റയലിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്.