മാഡ്രിഡ് : സ്‌പാനിഷ് ലാ ലിഗയില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. വിയ്യാറയലിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ തോല്‍വി വഴങ്ങിയത്. സ്വന്തം തട്ടകമായ എല്‍ മാഡ്രിഗലില്‍ യെറെമി പിനോ, ജറാര്‍ഡ് മൊറീനോ എന്നിവരാണ് വിയ്യാറയലിനായി ലക്ഷ്യം കണ്ടത്.
സൂപ്പര്‍ താരം കരീം ബെന്‍സേമയാണ് റയലിന്‍റെ പട്ടികയിലെ ഗോളിന് ഉടമ. മത്സരത്തിന്‍റെ തുടക്കം തൊട്ട് മിന്നലാക്രമണങ്ങളുമായി വിയ്യാറയല്‍ കളം നിറഞ്ഞുവെങ്കിലും നിര്‍ഭാഗ്യം കൊണ്ട് ആദ്യ പകുതിയില്‍ ഗോളൊഴിഞ്ഞ് നിന്നു. പ്രതിരോധത്തിലൂന്നിയായിരുന്നു ഈ സമയം റയല്‍ കളിച്ചത്.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആതിഥേയര്‍ ആദ്യ ഗോള്‍ നേടി. 47ാം മിനിട്ടില്‍ യെറെമി പിനോയാണ് സംഘത്തിനായി വലകുലുക്കിയത്. ജറാര്‍ഡ് മൊറീനോയുടെ പാസില്‍ നിന്നാണ് പിനോ ലക്ഷ്യം കണ്ടത്.
Also read:ക്രിസ്റ്റ്യാനോയ്‌ക്കായി ലോകകപ്പ് ഹീറോ വിൻസെന്‍റ് അബൂബക്കറെ കൈവിട്ട് അല്‍ നസ്‌ര്‍
ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്ന് കളിച്ച റയല്‍ 60ാം മിനിട്ടില്‍ ഒപ്പമെത്തി. പെനാല്‍റ്റിയിലൂടെ ബെന്‍സേമയാണ് സന്ദര്‍ശകര്‍ക്കായി ലക്ഷ്യം കണ്ടത്. വിയ്യാറയല്‍ ബോക്‌സില്‍ യുവാന്‍ ഫോയ്‌തിന്‍റെ കയ്യില്‍ പന്ത് തട്ടിയതിന് വാര്‍ പരിശോധനയിലൂടെയാണ് റഫറി പെനാല്‍റ്റി നല്‍കിയത്. കിക്കെടുത്ത ബെന്‍സേമ അനായാസം ലക്ഷ്യം കണ്ടു.
എന്നാല്‍ വെറും മൂന്ന് മിനിട്ട് മാത്രമാണ് ഇതിന്‍റെ ആശ്വാസം നീണ്ടുനിന്നത്. 63ാം മിനിട്ടില്‍ വിയ്യാറയല്‍ വീണ്ടും ജറാര്‍ഡ് മൊറീനോയിലൂടെ മുന്നിലെത്തി. പെനാല്‍റ്റി ഭാഗ്യമാണ് സംഘത്തെ തുണച്ചത്. ബോക്‌സില്‍ ഡേവിഡ് അലാബയുടെ കയ്യില്‍ പന്ത് തട്ടിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്.
കിക്കെടുത്ത ജറാര്‍ഡ് മൊറീനോ പന്ത് വലയില്‍ കയറ്റി. ശേഷിക്കുന്ന സമയത്ത് തിരിച്ചടിക്കാന്‍ റയല്‍ മാഡ്രിഡ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിയ്യാറയല്‍ വഴങ്ങിയില്ല. തോല്‍വിയോടെ ബാഴ്‌സയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരമാണ് റയല്‍ നഷ്‌ടപ്പെടുത്തിയത്.
നിലവില്‍ 16 മത്സരങ്ങളില്‍ നിന്നും 38 പോയിന്‍റുമായാണ് റയല്‍ രണ്ടാമത് നില്‍ക്കുന്നത്. ഒന്നാമതുള്ള ബാഴ്‌സയ്‌ക്ക് 15 മത്സരങ്ങളില്‍ നിന്നും 38 പോയിന്‍റാണുള്ളത്. 16 മത്സരങ്ങളില്‍ നിന്നും 27 പോയിന്‍റോടെ അഞ്ചാം സ്ഥാനത്താണ് വിയ്യാറയല്‍.