വിഗോ: ലാ ലിഗയിൽ വിജയവഴിയിൽ തിരിച്ചെത്തി റയൽ മാഡ്രിഡ്. സെൽറ്റ വിഗോയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച് ലീഗിൽ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. സൂപ്പർ താരം കരിം ബെൻസെമയുടെ ഇരട്ട ഗോൾ മികവിലാണ് റയലിന്‍റെ ജയം.
ഇരു പകുതികളിലായി പെനാൽറ്റിയിലൂടെ ആയിരുന്നു ബെൻസെമയുടെ രണ്ട് ഗോളുകളും. മൂന്ന് പെനാൽറ്റികളാണ് റയലിന് മത്സരത്തിൽ ലഭിച്ചത്. 19-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബെൻസെമ റയലിനെ മുന്നിലെത്തിച്ചു. മിലിറ്റോയെ വീഴ്ത്തിയതിനു ആണ് റയലിന് പെനാൽറ്റി ലഭിച്ചത്. 52-ാം മിനിറ്റിൽ ജാവി ഗാലന്‍റെ പാസിൽ നോലിറ്റോ സെൽറ്റയെ മത്സരത്തിൽ ഒപ്പമെത്തിച്ചു.
63 മത്തെ മിനിറ്റിൽ റയലിന് ലഭിച്ച പെനാൽറ്റി ബെൻസെമയ്‌ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഫ്രഞ്ച് താരത്തിന്‍റെ പെനാൽറ്റി സെൽറ്റ ഗോൾ കീപ്പർ മറ്റിയാസ് ഡിടൂറ രക്ഷപ്പെടുത്തി. ആറു മിനിറ്റിന് ശേഷം ഫെർലാൻഡ് മെന്‍റിയെ കെവിൻ വാസ്‌ക്വസ് വീഴ്ത്തിയതിനു റയലിന് വീണ്ടും പെനാൽറ്റി അനുവദിച്ചു. ഇത്തവണ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ബെൻസെമ റയലിന് വിജയം സമ്മാനിച്ചു.
ഈ ജയത്തോടെ 69 പോയിന്‍റുമായി റയൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള സെവിയയെക്കാൾ 12 പോയിന്‍റ് മുന്നിലാണിപ്പോൾ റയൽ മാഡ്രിഡ്.
ALSO READ:FIFA World Cup 2022 | മരണഗ്രൂപ്പില്ല, ഖത്തറിൽ ആരാധകരെ കാത്തിരിക്കുന്നത് മരണക്കളികൾ
അത്ലറ്റിക്കോ മാഡ്രിഡിന് ഗംഭീര വിജയം: മാഡ്രിഡിൽ ഡിപോർടീവോ അലാവസിനെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഇരട്ടഗോൾ നേടിയ ഫെലിക്‌സും സുവാരസുമാണ് അത്ലറ്റിക്കോക്ക് മികച്ച ജയമൊരുക്കിയത്. 11-ാം മിനിട്ടിൽ ജാവോ ഫെലിക്‌സിന്‍റെ വകയായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്‍റെ ആദ്യ ഗോൾ.
63-ാം മിനിറ്റിൽ എസ്‌കലാന്‍റെ അലാവസിനായി സമനില ഗോൾ നേടി. 75-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിന് ലീഡ് നൽകി. 82-ാം മിനിറ്റിൽ ഫെലിക്‌സ് വീണ്ടും ഗോളടിച്ചതോടെ അത്ലറ്റിക്കോ മാഡ്രിഡ് ജയം ഉറപ്പിച്ചു. പിന്നാലെ 90-ാം മിനിറ്റിൽ സുവാരസും തന്‍റെ രണ്ടാം ഗോൾ കണ്ടെത്തി. 30 മത്സരങ്ങളിൽ നിന്ന് 57 പോയിമന്‍റുമായി ലീഗിൽ മൂന്നാമതാണ് അത്ലറ്റിക്കോ.