മാഡ്രിഡ് :സ്‌പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ റയൽ മല്ലോർക്കയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ്. സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് റയല്‍ മാഡ്രിഡ് 4-1ന്‍റെ ജയം സ്വന്തമാക്കിയത്. ജയത്തോടെ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവും റയല്‍ മാഡ്രിഡ് തിരിച്ചുപിടിച്ചു.
LaLiga | മല്ലോർക്കയെ തകര്‍ത്തു, പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയല്‍ മാഡ്രിഡ് - റയൽ മല്ലോർക്കയെ
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് റയല്‍ മാഡ്രിഡ് 4-1 ന് മത്സരം വിജയിച്ചത്
34ാം മിനിട്ടില്‍ വേദാത്ത് മുറീഖിയിലൂടെ മല്ലോർക്കയാണ് കളിയില്‍ ആദ്യം ലീഡ് നേടിയത്. തുടര്‍ന്ന് ആദ്യ പകുതിയുടെ അധിക സമയത്ത് ഫെഡറിക്കോ വാൽവെർഡെ സോളോ റണ്ണിലൂടെ ആതിഥേയരെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ 72ാം മിനിട്ടില്‍ വിനിഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡ് ലീഡുയര്‍ത്തി. മത്സരത്തിന്‍റെ അവസാന മിനിട്ടുകളില്‍ ഗോള്‍ നേടിയ റോഡ്രിഗോ (89ാം മിനിട്ട്) അന്റോണിയോ റൂഡിഗര്‍ (90+3 മിനിട്ട്) എന്നിവര്‍ ചേര്‍ന്നാണ് മാഡ്രിഡ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
തുടര്‍ച്ചയായ അഞ്ചാം ജയത്തോടെയാണ് റയല്‍ മാഡ്രിഡ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്ന് 15 പോയിന്‍റാണ് റയലിനുള്ളത്. 13 പോയിന്‍റുള്ള ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്.