മാഡ്രിഡ്: സൂപ്പർ സ്‌ട്രൈക്കര്‍ കിലിയൻ എംബാപ്പെയുമായി കരാര്‍ പുതുക്കിയ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കെതിരെ പരാതി നൽകി സ്‌പാനിഷ് ലീഗ്. ഫ്രഞ്ച് ക്ലബ് ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ലംഘിച്ചുവെന്ന് കാട്ടിയാണ് ലാ ലിഗ യുവേഫയ്ക്ക് പരാതി നൽകിയത്. ഏപ്രിലിൽ മാഞ്ചസ്‌റ്റർ സിറ്റിക്കെതിരെ നൽകിയ പരാതിയും കൂട്ടിച്ചേർത്ത ലാ ലിഗ യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ക്ലബുകൾക്കെതിരെ കൂടുതൽ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
ഈ സമ്മർ ട്രാൻസ്‌ഫറിൽ റയൽ മാഡ്രിഡ് തട്ടകത്തിലെത്തിക്കാൻ ആഗ്രഹിച്ച കളിക്കാരെ പിഎസ്‌ജിയും സിറ്റിയും നിലനിർത്തുകയോ പുതിയ കരാർ ഒപ്പിടുകയോ ചെയ്‌തിട്ടുണ്ട്. റയലിലേക്ക് മാറുന്നതിനുപകരം കൈലിയൻ എംബാപ്പെ പിഎസ്‌ജിയുമായി മൂന്ന് വർഷത്തെ കരാറിലെത്തി. അതേസമയം, സിറ്റി സ്‌പാനിഷ് ക്ലബ്ബിന്‍റെ വെല്ലുവിളി അതിജീവിച്ച് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് എർലിംഗ് ഹാലൻഡിനെയും ടീമിൽ എത്തിച്ചിരുന്നു.
സ്‌പാനിഷ് കരുത്തരായ റയൽ മാഡ്രിഡിൽ ചേരുന്നതിന് പകരം പിഎസ്‌ജിയിൽ തുടരാനുള്ള എംബാപ്പെയുടെ തീരുമാനത്തിന് പിന്നാലെയാണ് സ്‌പാനിഷ് ലീഗ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്. പുതിയ കരാര്‍ യൂറോപ്യൻ ഫുട്‌ബോളിലെയും, ആഭ്യന്തര ലീഗുകളിലേയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും കായികരംഗത്തെ സമഗ്രതയും അപകടത്തിലാക്കുന്നതാണെന്നും ലീഗ് പ്രസ്‌താവനയില്‍ അറിയിച്ചു. മുൻ സീസണുകളിൽ 700 മില്യൺ യൂറോ (739 മില്യൺ ഡോളർ) നഷ്‌ടമുണ്ടാക്കിയ പിഎസ്‌ജി വലിയ തുകയ്‌ക്ക് എംബാപ്പെയുമായി വീണ്ടും കരാറിലെത്തിയതാണ് സ്‌പാനിഷ് ലീഗ് ചോദ്യം ചെയ്യുന്നത്.
ലയണൽ മെസിയും നെയ്‌മറും അടങ്ങുന്ന വിലയേറിയ സ്‌ക്വാഡിനെ നിലനിർത്തിക്കൊണ്ടാണ് പിഎസ്‌ജി എംബാപ്പെയുമായി ധാരണയിലെത്തിയത്. ഇത് പിഎസ്‌ജിക്ക് സാമ്പത്തികമായി ലാഭകരമാകില്ലെന്ന് സ്‌പാനിഷ് ലീഗ് വാദിക്കുന്നു. മാഞ്ചസ്‌റ്റർ സിറ്റിക്കെതിരെ ഏപ്രിലിൽ പരാതി നൽകിയിരുന്നു, പുതിയ വിവരങ്ങൾ ശേഖരിക്കുന്നതിനനുസരിച്ച് ക്ലബ്ബുകൾക്കെതിരെ തുടർ നടപടിയെടുക്കുമെന്നും ലീഗ് പറഞ്ഞു.
പിഎസ്‌ജിക്കും മാഞ്ചസ്‌റ്റർ സിറ്റിക്കുമെതിരെ സ്‌പാനിഷ് ലീഗ് നടപടിയെടുക്കുന്നത് ഇതാദ്യമല്ല. 2017 ലും 2018 ലും ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ലംഘിച്ചതിന് അവർക്കെതിരെ പരാതികൾ ഫയൽ ചെയ്‌തിരുന്നു, ഇത് യുവേഫയുടെ ഉപരോധത്തിലേക്ക് നയിച്ചിരുന്നു. ഒടുവിൽ ഉപരോധം സ്‌പോർട്‌സ് ആർബിട്രേഷൻ കോടതിയുടെ തീരുമാനങ്ങളാൽ ഒഴിവാക്കിയിരുന്നു.