മാഡ്രിഡ്: റയൽ മാഡ്രിഡിന്‍റെ ബ്രസീലിയന്‍ ഫോർവേഡ് വിനീഷ്യസ് ജൂനിയറിനെതിരായ വംശീയ അധിക്ഷേപങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. അടുത്തിടെ മല്ലോർകയ്‌ക്കെതിരായ മത്സരത്തിനിടെയും 22കാരന്‍ വംശീയ അധിക്ഷേപത്തിനിരയായിരുന്നു. സംഭവത്തില്‍ മല്ലോർകയിലെ പ്രാദേശിക കോടതിയില്‍ പരാതി നല്‍കിയതായി ലാ ലിഗ അധികൃതര്‍ അറിയിച്ചു.
മല്ലോർകയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിനിടെ ചിലര്‍ വിനീഷ്യസിനെ കുരങ്ങനെന്ന് അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വിനീഷ്യസിനെതിരായ വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ തങ്ങള്‍ നല്‍കിയ ആറാമത്തെ പരാതിയാണിതെന്ന് ലീഗ് അധികൃതര്‍ അറിയിച്ചു. മൂന്ന് പരാതികള്‍ പ്രോസിക്യൂട്ടർമാർ മാറ്റിവച്ചപ്പോള്‍ വല്ലാഡോലിഡിലും മാഡ്രിഡിലുമുണ്ടായ സംഭവങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ലീഗ് വ്യക്തമാക്കി.
വർഷങ്ങളായി ഇത്തരത്തിലുള്ള പെരുമാറ്റത്തിനെതിരെ ലാ ലിഗ പോരാടുന്നുണ്ട്. കളിക്കളത്തിന് അകത്തും പുറത്തുമുള്ള കായിക രംഗത്തിന്‍റെ നല്ല മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് തങ്ങള്‍ ലക്ഷ്യം വയ്‌ക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ ഡിസംബറിൽ ലാ ലിഗയ്‌ക്കെതിരെ വിനീഷ്യസ് ആഞ്ഞടിച്ചിരുന്നു.