ന്യുകാംപ് :ലാലിഗയില്‍ ലെവാന്‍റെയ്‌ക്കെതിരെ ബാഴ്‌സലോണയ്ക്ക് രണ്ടിനെതിരെ മൂന്ന് ഗോളിന്‍റെ ജയം. ഇഞ്ചുറി ടൈമിലെ ഒരു ഗോളിലാണ് ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു.
52-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ ലൂയിസ് മൊറാലസ് ലെവാന്‍റെയ്ക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ ഏഴ് മിനിറ്റുകള്‍ക്കകം ഒബാമയങ് ബാഴ്‌സയെ ഒപ്പമെത്തിച്ചു. പിന്നാലെ 56-ാം മിനിട്ടിൽ വീണ്ടും ലെവാന്‍റെയ്ക്ക് പെനാൽറ്റി ലഭിച്ചു. ഈ പെനാൽറ്റി എടുത്തത് മാർട്ടി ആയിരുന്നു. മാർട്ടിയുടെ പെനാൽറ്റി ടെർ സ്റ്റേഗൻ രക്ഷപ്പെടുത്തി.
പിന്നാലെ പെഡ്രിയും ഗവിയും സബ്ബായി കളത്തിൽ എത്തി. ഇതിനുശേഷം ബാഴ്‌സയുടെ അറ്റാക്കിന് ശക്തി കൂടി. 63-ാം മിനിറ്റില്‍ പെഡ്രി ബാഴ്‌സയ്ക്ക് ആദ്യമായി ലീഡ് സമ്മാനിച്ചു. എന്നാല്‍ 83-ാം മിനിറ്റിൽ ഗോണ്‍സാലോ മെലേറോയുടെ മറ്റൊരു പെനാല്‍റ്റി ലെവാന്‍റെയെ ഒപ്പമെത്തിച്ചു.
ALSO READ:EPL | മാഞ്ചസ്‌റ്റർ സിറ്റി - ലിവർപൂൾ മത്സരം സമനിലയിൽ; പ്രീമിയര്‍ ലീഗിൽ കിരീട പോരാട്ടം ഇഞ്ചോടിഞ്ച്
മത്സരം സമനിലയിലേക്ക് പോകുമെന്ന് ഉറപ്പിച്ചിരിക്കെ ലൂക് ഡി ജോങ് ബാഴ്‌സയുടെ രക്ഷകനായി. ഇഞ്ചുറി സമയത്തായിരുന്നു ഡി ജോങ്ങിന്‍റെ ഹെഡ്ഡര്‍. 30 മത്സരങ്ങളില്‍ നിന്ന് 60 പോയിന്‍റുമായി ബാഴ്‌സലോണ ലീഗില്‍ രണ്ടാമതാണ്. 31 മത്സരങ്ങളില്‍ 72 പോയിന്‍റുള്ള റയല്‍ മാഡ്രിഡ് ഒന്നാമതാണ്.