കാഡിസ് :സ്‌പാനിഷ് ലാ ലിഗയില്‍ (La Liga) വീണ്ടും ഒന്നാം സ്ഥാനം പിടിച്ച് റയല്‍ മാഡ്രിഡ് (Real Madrid). സീസണിലെ 14-ാം മത്സരത്തില്‍ കാഡിസിനെ (Cadiz) തകര്‍ത്താണ് സ്‌പാനിഷ് വമ്പന്മാരായ റയല്‍ ജിറോണയെ മറികടന്ന് വീണ്ടും പോയിന്‍റ് പട്ടികയുടെ തലപ്പത്തേക്ക് എത്തിയത് (La Liga Points Table). കാഡിസിന്‍റെ തട്ടകത്തില്‍ പന്ത് തട്ടാനിറങ്ങിയ റയല്‍ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയവുമായിട്ടാണ് തിരികെ കയറിയത് (Cadiz vs Real Madrid Match Result).
മത്സരത്തില്‍ റയല്‍ മാഡ്രിഡിന് വേണ്ടി റോഡ്രിഗോ (Rodrygo) ഇരട്ട ഗോളുകള്‍ നേടി. ജൂഡ് ബെല്ലിങ്‌ഹാമിന്‍റെ വകയായിരുന്നു ഒരു ഗോള്‍. സീസണില്‍ റയലിന്‍റെ 11-ാം ജയമായിരുന്നു കാഡിസിനെതിരായത്.
പോയിന്‍റ് പട്ടികയില്‍ 16-ാം സ്ഥാനക്കാരായ കാഡിസിനെതിരെ മികച്ച പ്രകടനമാണ് റയല്‍ പുറത്തെടുത്തത്. പന്ത് അടക്കത്തിലും പാസിങ് ആക്കുറസിയിലുമെല്ലാം ആഥിതേയരേക്കാള്‍ മികവ് പുലര്‍ത്താന്‍ റയലിനായി.
മത്സരത്തിന്‍റെ എട്ടാം മിനിറ്റില്‍ കാഡിസിന് അനുകൂലമായിട്ടൊരു ഫ്രീ കിക്ക് ലഭിച്ചു. 25 വാര അകലെ നിന്നും കാഡിസ് താരം ജാവി ഹെര്‍ണാണ്ടസ് പായിച്ച ഷോട്ട് റയല്‍ ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 14-ാം മിനിറ്റിലാണ് റയല്‍ ആദ്യ ഗോള്‍ നേടുന്നത്.
കാഡിസുയര്‍ത്തിയ വെല്ലുവിളികള്‍ മറികടന്ന് റയല്‍ നടത്തിയ ആദ്യ നീക്കം കൂടിയായിരുന്നു ഇത്. പിന്നീട് ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ മാഡ്രിഡിന് സാധിച്ചില്ല. രണ്ടാം പകുതിയിലാണ് അവരുടെ അവസാന രണ്ട് ഗോളുകളും പിറന്നത്.
1-0 ന്‍റെ ലീഡുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ റയല്‍ മാഡ്രിഡ് മത്സരത്തിന്‍റെ 64-ാം മിനിറ്റിലാണ് ലീഡ് രണ്ടാക്കി ഉയര്‍ത്തുന്നത്. റോഡ്രിഗോ തന്നെയായിരുന്നു ഈ ഗോളിനും പിന്നില്‍. സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചാണ് റയലിന്‍റെ രണ്ടാം ഗോളിനുള്ള വഴിയൊരുക്കിയത്.
10 മിനിറ്റിന് ശേഷം യുവതാരം ജൂഡ് ബെല്ലിങ്‌ഹാമും റയലിനായി കാഡിസിന്‍റെ വലയില്‍ പന്തെത്തിച്ചു. സീസണില്‍ ടോപ് സ്കോററായ ബെല്ലിങ്‌ഹാമിന്‍റെ 11-ാം ഗോളായിരുന്നു ഇത് (Most Goals In La Liga 2023-24). മത്സരത്തില്‍ ആദ്യ രണ്ട് പ്രാവശ്യവും ഗോള്‍വല കുലുക്കിയ റോഡ്രിഗോയാണ് മൂന്നാം ഗോളിനായി ബെല്ലിങ്‌ഹാമിന് അസിസ്റ്റ് നല്‍കിയത്.
പിന്നീട് ഗോളിനായി വമ്പന്‍ നീക്കങ്ങളൊന്നും ഇരു ടീമുകളുടെയും ഭാഗത്ത് നിന്നുമുണ്ടായില്ല. ജയത്തോടെ 35 പോയിന്‍റോടെയാണ് റയല്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനം പിടിച്ചത്. രണ്ടാം സ്ഥാനക്കാരയ ജിറോണയ്‌ക്ക് 13 മത്സരത്തില്‍ നിന്നും 34 പോയിന്‍റാണ് നിലവില്‍. 31 പോയിന്‍റുള്ള അത്ലറ്റിക്കോ മാഡ്രിഡ്, ബാഴ്‌സിലോണ ടീമുകളാണ് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളില്‍.
Also Read :സണ്‍ ഹ്യും മിന്നിന് 'ഓഫ്‌സൈഡ് ഹാട്രിക്', ടോട്ടന്‍ഹാമിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ആദ്യ നാലിലേക്ക് എത്തി ആസ്റ്റണ്‍ വില്ല