ബാഴ്‌സലോണ: സ്‌പാനിഷ് ലാ ലിഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്‌സലോണ. കാഡിസിനെതിരായ മത്സരത്തില്‍ വിജയം നേടിയ ബാഴ്‌സ പോയിന്‍റ് ടേബിളിന് തലപ്പത്തെ എട്ട് പോയിന്‍റ് ലീഡ് പുനസ്ഥാപിച്ചു. സ്വന്തം തട്ടകമായ നൗക്യാമ്പില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് കറ്റാലന്മാര്‍ ജയം പിടിച്ചത്.
റോബർട്ട് ലെവൻഡോവ്‌സ്‌കിയും സെർജി റോബർട്ടോയുമാണ് സംഘത്തിനായി ഗോളടിച്ചത്. മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് ബാഴ്‌സയുടെ പട്ടികയിലെ രണ്ട് ഗോളുകളും പിറന്നത്. 43ാം മിനിട്ടില്‍ റോബർട്ടോയാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയത്.
ഫെറാന്‍ ടോറസ് നടത്തിയ മുന്നേറ്റമാണ് ഈ ഗോളിന് വഴിയൊരുക്കിയത്. കാഡിസ് പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്‌സിനകത്ത് കയറിയ ടോറസ് ഉയര്‍ത്തി നല്‍കിയ പന്തില്‍ ലെവൻഡോവ്‌സ്‌കി തലകൊണ്ട് പോസ്റ്റിലേക്ക് കുത്തിയിടാന്‍ ശ്രമം നടത്തിയെങ്കിലും ഗോള്‍ വരയ്‌ക്ക് മുന്നില്‍ കാഡിസ് താരം കാര്‍സലെന്‍ തടഞ്ഞു. എന്നാല്‍ പന്ത് ലഭിച്ച റോബർട്ടോ അവസരം മുതലാക്കുകയായിരുന്നു.
തുടര്‍ന്ന് ആദ്യ പകുതിയുടെ അധിക സമയത്താണ് ലെവൻഡോവ്‌സ്‌കിയുടെ ഗോള്‍ വന്നത്. ബോക്‌സിന് തൊട്ടടുത്ത് നിന്ന് റോബർട്ടോ നല്‍കിയ പാസില്‍ അനായാസമാണ് താരം ലക്ഷ്യം കണ്ടത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിന് ശേഷം നൗക്യാമ്പില്‍ ലെവൻഡോവ്‌സ്‌കിയുടെ ആദ്യ ഗോളാണിത്.