മാഡ്രിഡ് : സ്‌പാനിഷ് ലാ ലിഗയിലെ നിര്‍ണായക മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്‌സലോണയ്ക്ക് വിജയം. അത്‌ലറ്റിക്കോയുടെ തട്ടകമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സ വിജയം നേടിയത്. ഒസ്‌മാൻ ഡെംബെലെയാണ് ബാഴ്‌സയ്‌ക്കായി ലക്ഷ്യം കണ്ടത്.
റോബർട്ട് ലെവൻഡോവ്‌സ്‌കി ഇല്ലാത്തതിനാല്‍ അൻസു ഫാറ്റിയെ മുന്‍ നിര്‍ത്തിയാണ് സാവി കളി മെനഞ്ഞത്. തുടക്കം മുതല്‍ സമ്മര്‍ദം ചെലുത്തിയ അത്ലറ്റിക്കോയില്‍ നിന്നും പതിയെ കളി പിടിച്ച ബാഴ്‌സ 22-ാം മിനിട്ടിലാണ് വിജയ ഗോള്‍ നേടിയത്. പെഡ്രിയുടെ ഒരു തകര്‍പ്പന്‍ നീക്കത്തില്‍ നിന്നാണ് ഗോളിന്‍റെ വരവ്.
അത്‌ലറ്റിക്കോ താരങ്ങളെ മറികടന്ന് ബോക്‌സിലേക്ക് ഓടിക്കയറി പെഡ്രി പന്ത് ഗാവിക്ക് കൈമാറി. ഗാവി നീട്ടി നല്‍കിയ പന്ത് ആദ്യ ടെച്ചില്‍ തന്നെ ഡെംബെലെ വലയിലാക്കുകയായിരുന്നു. തൊട്ടുപിന്നാലെ ലീഡുയര്‍ത്താനുള്ള അവസരം ലഭിച്ചുവെങ്കിലും പെഡ്രിക്ക് മുതലാക്കാന്‍ കഴിഞ്ഞില്ല.
ഗോള്‍ വഴങ്ങിയതോടെ ആക്രമണം കടുപ്പിച്ചുവെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകള്‍ അത്‌ലറ്റിക്കോയ്‌ക്ക് തിരിച്ചടിയായി. മത്സരത്തിന്‍റെ അധിക സമയത്ത് പരസ്‌പരം പോരടിച്ചതിന് ഫെറാന്‍ ടോറസും സാവിച്ചും റെഡ് കാര്‍ഡ് കണ്ടതോടെ ഇരു ടീമുകളും പത്ത് പേരായി ചുരുങ്ങിയിരുന്നു. ഇതിന് പിന്നാലെ ഏഞ്ചല്‍ കൊറിയയുടെ പാസില്‍ പോസ്റ്റിന് മുന്നില്‍ നിന്നും ഗ്രീസ്‌മാന്‍ തൊടുത്ത ഷോട്ട് ഗോള്‍ ലൈന്‍ സേവിലൂടെ റൊണാൾഡ് അരൗജോ രക്ഷപ്പെടുത്തിയത് ബാഴ്‌സയ്‌ക്ക് ആശ്വാസമായി.
Also read:എഫ്‌എ കപ്പ് : മയമില്ലാതെ മാഞ്ചസ്റ്റര്‍ സിറ്റി ; നാലെണ്ണം വാങ്ങി ചെല്‍സി പുറത്ത്
വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ മുന്നേറ്റമുറപ്പിക്കാന്‍ ബാഴ്‌സയ്‌ക്ക് കഴിഞ്ഞു. 16 മത്സരങ്ങളില്‍ നിന്ന് 41 പോയിന്‍റുമായി നിലവില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സ. രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായി മൂന്ന് പോയിന്‍റിന്‍റെ വ്യത്യാസമാണ് ബാഴ്‌സയ്‌ക്കുള്ളത്.
കഴിഞ്ഞ ദിവസം വിയ്യാറയലിനോട് തോല്‍വി വഴങ്ങിയ റയലിന് 16 മത്സരങ്ങളില്‍ നിന്നും 38 പോയിന്‍റാണുള്ളത്. 16 മത്സരങ്ങളില്‍ നിന്നും 27 പോയിന്‍റുമായി അത്‌ലറ്റിക്കോ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.