മാഡ്രിഡ്: സ്‌പാനിഷ് ലാ ലീഗയിൽ വാശിയേറിയ പോരാട്ടത്തിൽ ഗെറ്റാഫയെ തകർത്ത് അത്‌ലറ്റികോ മാഡ്രിഡ്. മൂന്ന് പെനാറ്റികളും ഒരു ചുവപ്പുകാർഡും കണ്ട മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ വിജയം. എയ്‌ഞ്ചൽ കൊറിയ അത്‌ലറ്റിക്കോക്കായി ഇരട്ട ഗോൾ നേടിയപ്പോൾ എനസ് ഉനാൽ ഗെറ്റാഫക്കായി ഇരട്ട ഗോൾ നേടി. മത്സരത്തിന്‍റെ ആറ് ഗോളുകളും പിറന്നത് ആദ്യ പകുതിയിലാണ്.
ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് മത്സരത്തിൽ പോരാടിയത്. മത്സരത്തിന്‍റെ ഏഴാം മിനിട്ടിൽ തന്നെ സൂപ്പർ താരം ലൂയിസ് സുവാരസ് പെനാൽറ്റി നേടിയെടുത്തെങ്കിലും അത് ഗോളാക്കി മാറ്റാൻ താരത്തിനായില്ല. പിന്നാലെ 19-ാം മിനിട്ടിൽ എയ്‌ഞ്ചൽ കൊറിയയിലൂടെ അത്‌ലറ്റിക്കോ മുന്നിലെത്തി. 27-ാം മിനിട്ടിൽ കുൻഹയിലൂടെ അത്ലറ്റിക്കോ ലീഡുയർത്തി.
രണ്ട് ഗോളുകൾ വീണതോടെ ഗെറ്റാഫ മത്സരത്തിലേക്ക് ശക്‌തിയായി തിരിച്ചെത്തി. 30-ാം മിനിട്ടിൽ ബോർജ മായോരാളിലൂടെ ഗെറ്റാഫ ആദ്യ ഗോൾ സ്വന്തമാക്കി. പിന്നാലെ 37-ാം മിനിട്ടിൽ എനസ് ഉനാൽ പെനാൽറ്റിയിലൂടെ സമനില ഗോളും നേടി. തൊട്ടുപിന്നാലെ 42-ാം മിനിട്ടിൽ മറ്റൊരു പെനാൽറ്റിയിലൂടെ എനസ് ഉനാൽ ഗെറ്റാഫയെ മുന്നിലെത്തിച്ച് മാഡ്രിഡിനെ ഞെട്ടിച്ചു.
ALSO READ:ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടവുമായി സുനില്‍ ഛേത്രി
എന്നാൽ വിട്ടുകൊടുക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡ് ഒരുക്കമായിരുന്നില്ല. ആദ്യ പകുതിയുടെ അധിക സമയത്ത് എയ്‌ഞ്ചൽ കൊറിയ തന്‍റെ രണ്ടാം ഗോളിലൂടെ അത്‌ലറ്റിക്കോയെ ഒപ്പമെത്തിച്ചു. ഇതോടെ 3-3 എന്ന സ്കോറിന് ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിൽ ഫിലിപ്പെ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയെങ്കിലും വാശിയോടെ കളിച്ച അത്‌ലറ്റിക്കോ 89-ാം മിനിട്ടിൽ മാരിയോ ഹെർമോസോയിലൂടെ നാലാം ഗോളും വിജയവും സ്വന്തമാക്കി.