ദോഹ: 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്‍റെ ഭാഗ്യചിഹ്നം ഫിഫ പുറത്തിറക്കി. പന്ത് തട്ടുന്ന അറബ് ബാലന്‍ ‘ലഈബ്’ ആണ് ഭാഗ്യചിഹ്നം. അറബിയിൽ 'പ്രതിഭാധനനായ കളിക്കാരന്‍' എന്ന അര്‍ഥം വരുന്ന വാക്കാണിത്. ലോകകപ്പ് ഫുട്‌ബോളിന്‍റെ ഗ്രൂപ്പ്ഘട്ട നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചടങ്ങിന് മുന്നോടിയായാണ് ഫിഫ ഭാഗ്യചിഹ്നം പുറത്തിറക്കിയത്.
ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം ഗ്രൂപ്പ്ഘട്ട നറക്കെടുപ്പിന്‍റെ കുറച്ച് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പുറത്തിറക്കിയത്. ‘ഹയ്യാ ഹയ്യാ’ എന്നാണ് ഗാനത്തിന്‍റെ പേര്. അമേരിക്കന്‍ ഗായകന്‍ ട്രിനിഡാഡ് കര്‍ഡോന, നൈജീരിയന്‍ ഗായകന്‍ ഡേവിഡോ, ഖത്തറി സംഗീതജ്ഞയും സ്‌റ്റേജ് ആര്‍ട്ടിസ്റ്റുമായ ഐഷ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.